തോമസ് ചാണ്ടിയുടെ മന്ത്രിക്കസേര തെറിക്കാന്‍ ഇനി 30 ദിവസം കൂടി?

മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറി റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ ക്യുക്ക് വെരിഫിക്കേഷന്‍ നടത്തണമെന്ന കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കോട്ടയം വിജിലന്‍സ് എസ്.പിക്ക് അന്വേഷണച്ചുമതല നല്‍കി. വിജിലന്‍സ് ഡയറക്ടര്‍കൂടിയായ ലോക്‌നാഥ് ബഹ്‌റയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കോടതി അന്വേഷണം ആവശ്യപ്പെട്ടതെങ്കിലും അതിന്റെ പകര്‍പ്പ് ഇന്നാണ് വിജിലന്‍സ് ആസ്ഥാനത്ത് എത്തിയത്. മുപ്പത് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. അതിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ഡി.ജി.പി അറിയിച്ചു.
മന്ത്രി കായല്‍ കയ്യേറി റോഡ് നിര്‍മിച്ചെന്ന് കാട്ടി എല്‍.ഡി.എഫിലെ ഘടകക്ഷിയായ ജനതാദള്‍ എസിന്റെ കോട്ടയം ജില്ലാ സെക്രട്ടറി സുഭാഷാണ് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. അന്വേഷണം സര്‍ക്കാര്‍ പിടിവള്ളിയായി ഉപയോഗിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുപ്പത് ദിവസത്തെ അന്വേഷണം അവസാനിക്കും വരെ മന്ത്രിയെ സംരക്ഷിക്കാന്‍ നീക്കം നടത്തിയേക്കാം. ബുധനാഴ്ച ഹൈക്കോടതി മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയെങ്കിലും മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന കളക്ടറുടെ റിപ്പോര്‍ട്ട് അന്തിമമല്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. അതിനര്‍ത്ഥം ഇനിയും അന്വേഷണം നടത്തുമെന്നാണ്.
മുപ്പത് ദിവസത്തിനുള്ളില്‍ നടത്തുന്ന അന്വേഷണത്തിന് ശേഷം മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയാല്‍ വിവാദങ്ങള്‍ അവസാനിക്കുമെന്നും വീണ്ടും കസേരയില്‍ തുടരാകാനുമെന്നാണ് മുന്നണിയിലെ ചില നേതാക്കാള്‍ വിശ്വസിക്കുന്നത്. ക്രമസമാധാന ചുമതല വഹിക്കുന്ന ഡി.ജി.പിക്ക് വിജിലന്‍സിന്റെ ചുമതല നല്‍കിയതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്. അതിനാല്‍ വിജിലന്‍സ് അന്വേഷത്തില്‍ വിശ്വാസമില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ എ.ജിയുടെ നിയമോപദേശം തേടിയെങ്കിലും അതും മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് സൂചനയുണ്ട്.
https://www.facebook.com/Malayalivartha



























