കല്‍പാന്തകാലത്തോളം തോമസ് ചാണ്ടി മന്ത്രിക്കസേരയിലുണ്ടാകില്ലെന്ന് ബിനോയ് വിശ്വം

കല്‍പാന്തകാലത്തോളം തോമസ് ചാണ്ടിക്ക് ഗതാഗതമന്ത്രിക്കസേരയില്‍ തുടരാനാവില്ലെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കായല്‍ കയ്യേറ്റത്തെ കുറിച്ച് ഇടത് മുന്നണിക്ക് വ്യക്തമായ നിലപാടുണ്ട്. അത് നാലഞ്ച് ദിവസത്തിനുള്ളില്‍ വ്യക്തമാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. തോമസ് ചാണ്ടി രാജിവയ്ക്കുമോ എന്ന് ലേഖകന്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ബിനോയ് വിശ്വം മറുപടി പറഞ്ഞില്ല. ഗതാഗതമന്ത്രിയുടെ കാര്യത്തില്‍ തങ്ങള്‍ക്കുള്ള നിലപാട് പാര്‍ട്ടി സെക്രട്ടറിയും റവന്യൂമന്ത്രിയും മുമ്പ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
തുടക്കം മുതല്‍ സി.പി.ഐ ഈ വിഷയത്തില്‍ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെങ്കിലും പലപ്പോഴും മുന്നണിയിലും സര്‍ക്കാരിലും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ല. ലോ അക്കാദമി സമരത്തിന്റെ തുടക്കം മുതല്‍ സി.പി.ഐയും അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫും രംഗത്തുണ്ടായിരുന്നു. അക്കാദമി സര്‍ക്കാര്‍ ഭൂമി ദുരുപയോഗം ചെയ്യണമെന്നും അത് തിരിച്ച് പിടിക്കണമെന്നുമാണ് റവന്യൂമന്ത്രിയും സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തി സമരം തീര്‍ക്കുകയും അക്കാമദിയുടെ കവാടം മാത്രം പൊളിക്കുകയും ചെയ്തു. പിന്നീട് സി.പി.ഐ അതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. അവസാനം എ.ഐ.എസ്.എഫ് നേതാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസും പാര്‍ട്ടി പിന്‍വലിച്ചു.
മുന്നാര്‍ കയ്യേറ്റത്തിലും ഇതേ നിലപാടാണ് സി.പി.ഐ എടുത്തത്. മന്ത്രി എം.എം മണിയും എസ്. രാജേന്ദ്രന്‍ എം.എല്‍.എയും കയ്യേറ്റക്കാരെ സഹായിച്ച് രംഗത്തെത്തി. അപ്പോഴും റവന്യൂമന്ത്രിയും സി.പി.ഐയും ശക്തമായ നിലപാടെടുത്തു. ദേവികുളം സബ്കളക്ടറായ ശ്രീറാം വെങ്കിട്ടരാമനൊപ്പം നിന്നു. അവസാനം പിണറി വിജയന്‍ ശ്രീറാമിനെ തെറിപ്പിച്ചപ്പോള്‍ സി.പി.ഐയോ റവന്യൂ മന്ത്രിയോ മിണ്ടിയില്ല. തോമസ് ചാണ്ടിയുടെ കാര്യത്തിലും അതുണ്ടാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ സി.പി.ഐ ദേശീയ സെക്രട്ടറി അഴിമതിക്കാരനാണെന്ന് തോമസ് ചാണ്ടി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ പുറത്താകുമെന്ന് തന്നെയാണ് സി.പി.ഐ നേതാക്കള്‍ പറയുന്നത്.
https://www.facebook.com/Malayalivartha



























