സോളാര്‍ റിപ്പോര്‍ട്ട് കമ്മീഷന്‍ സഭയില്‍, ഉമ്മന്‍ചാണ്ടിയും കൂട്ടരും തെറ്റുകാരെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലെന്ന് മുഖ്യമന്ത്രി

സോളാര്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയില്‍ വെച്ചു. അതേസമയം തോമസ് ചാണ്ടിയുടെ രാജിക്കായി പ്രതിപക്ഷം ബഹളം വെക്കുകയാണ്. മുദ്രാവാക്യം മുഴക്കുന്നു. പ്രതിപക്ഷത്തിന്റെ ആഗ്രഹപ്രകാരമാണ് സഭ വിളിച്ചു ചേര്‍ത്തതെന്ന് സ്പീക്കര്‍ അറിയിച്ചു. ബഹളത്തിനിടെ മുഖ്യമന്ത്രി സംസാരിക്കുകയാണ്. സഭാചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തുന്നത്.
നാല് വാല്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വെച്ചത്. പൊതുജനതാല്‍പ്പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് നേരത്തെ സഭയില്‍ വെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടിയും കൂട്ടരും തെറ്റുകാരെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കണ്ടത്തലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉമ്മന്‍ചാണ്ടിയും പഴ്‌സണല്‍ സ്റ്റാഫും സരിത എസ്. നായരെ സഹായിച്ചു. കേസ് അന്വേഷിച്ച പൊലീസ് സംഘവും ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാന്‍ ശ്രമിച്ചു. ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചു.
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്‌ലിംലീഗിന്റെ കെ.എന്‍.എ.ഖാദറിന്റെ സത്യപ്രതിജ്ഞയാണ് സഭയില്‍ ആദ്യം നടന്നത്. തുടര്‍ന്നാണ് സോളാര്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചത്. മുഖ്യമന്ത്രിയുടെ വിശദീകരണ പ്രസ്താവനയോടെ സഭാ നടപടിക്രമങ്ങള്‍ അവസാനിക്കും. റിപ്പോര്‍ട്ടില്‍ സഭയില്‍ ചര്‍ച്ചയില്ല. സഭ പിരിയുന്ന ഘട്ടത്തില്‍ റിപ്പോര്‍ട്ട് അംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കും.
മന്ത്രി തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും കേസ് എടുത്തു നടപടിയിലേക്കു നീങ്ങാത്തതിന്റെ പേരിലാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധമുയര്‍ത്തുന്നത്. തോമസ് ചാണ്ടി കേസില്‍ ബുധനാഴ്ചയുണ്ടായ ഹൈക്കോടതി പരാമര്‍ശവും യുഡിഎഫ് ആയുധമാക്കും. യുഡിഎഫിന്റെ 'പടയൊരുക്കം' ജാഥ ഒരു ദിവസത്തേക്ക് നിര്‍ത്തിവച്ചാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ സഭാസമ്മേളനത്തിനെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























