യു.ഡി.എഫില്‍ പ്രശ്‌നമുണ്ടാക്കാമെന്ന് ആരും കരുതണ്ട, നീതിയും രാഷ്ട്രീയ മര്യാദയും സര്‍ക്കാര്‍ കാണിക്കുന്നില്ല: ഉമ്മന്‍ചാണ്ടി

സോളാര്‍ കേസിന്റെ പേരില്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തത് ആര്‍. ബാലകൃഷ്ണപിള്ളയല്ലെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ നിഷേധിച്ചു. അതാരാണെന്ന് സമയമാകുമ്പോള്‍ വെളിപ്പെടുത്തും. അതിന് സമയമായില്ല. പ്രതികാര രാഷ്ട്രീയമാണ് സര്‍ക്കാര്‍ നടത്തുന്നത്. യു.ഡി.എഫിന്റെ പടയൊരുക്കം ജാഥയില്‍ ഇക്കാര്യം വ്യക്തമാക്കും. ജനങ്ങളുടെ ജാഥയാണത്. യു.ഡി.എഫിലും കോണ്‍ഗ്രസിലും എന്തെങ്കിലും പ്രശ്‌നമുണ്ടാക്കാമെന്ന് ധരിച്ചാല്‍ വെറുതെയാണ്. കുറ്റവാളി എന്ന നിലയിലാണ് ഇന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എല്ലാവരെയും അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടേംസ് ഓഫ് റഫറന്‍സ് കമ്മിഷന്‍ തിരുത്തി. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതിന്റെ ആധികാരികത കമ്മിഷന്‍ പരിശോധിച്ചില്ല. 19-7-13 എഴുതിയ കത്തിന് 21 പേജുണ്ടെന്ന് പത്തനംതിട്ട ജയില്‍ സൂപ്രണ്ട് കമ്മിഷന് നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍ ഇപ്പോ 26 പേജുണ്ടെന്നാണ് കമ്മിഷന്‍ പറയുന്നത്. അതിനാല്‍ രണ്ട് കത്ത് വന്ന സാഹചര്യം പരിശോധിച്ചിട്ടില്ല. സരിതയുടെ ക്രഡിബിലിറ്റി നോക്കിയിട്ടില്ല. ഇതൊന്നും നോക്കാതെ അന്വേഷണം നടത്തുന്നെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതെന്ത് നീതി, എന്ത് രാഷ്ട്രീയ മര്യാദ. റിപ്പോര്‍ട്ടില്‍ കമ്മിഷന്റെ കണ്ടെത്തലുകളില്ല. സരിത സിറ്റിംഗിന് നിരന്തരം ഹാജരാകാതെ അപേക്ഷ നല്‍കിയപ്പോള്‍ സരിതയ്ക്ക് വേറെന്തോ ലക്ഷ്യമുണ്ടെന്ന് പറഞ്ഞ് 22-6-16 ല്‍ കമ്മിഷന്‍ സരിതയെ വിമര്‍ശിച്ച് മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കമ്മിഷന്‍ ആ നിലപാട് മാറ്റിയിരിക്കുന്നു.
സരിത എഴുതിയ യഥാര്‍ത്ഥ കത്തില്‍ തന്റെ മൊഴിയില്ലെന്ന് സ്വതന്ത്രസാക്ഷി കമ്മിഷന് മൊഴി നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി ചൂട്ടിക്കാട്ടി. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.പി.എമ്മം പണം വാഗ്ദാനം ചെയ്‌തെന്ന് സരിത ഇന്ത്യാ ടുഡേയ്ക്ക് അഭിമുഖം നല്‍കിയിരുന്നു. അതേക്കുറിച്ചുള്ള സി.പി.എമ്മിന്റെ നിലപാട് വ്യക്തമാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. അതേക്കുറിച്ച് അവര്‍ പ്രതികരിച്ചിട്ടില്ല. സരിത അന്ന് പറഞ്ഞത് ഇന്നും വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ സി.പി.എമ്മിന് വിശ്വാസമുണ്ടോ എന്നത് അവര്‍ വ്യക്തമാകട്ടെ എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha

























