ദേവസ്വം ബോർഡിനെ പിരിച്ചുവിടരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് ചെന്നിത്തലയുടെ കത്ത്

തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി രണ്ടു വർഷമാക്കി വെട്ടിച്ചുരുക്കിയ ഓർഡിനൻസിനെ എതിർത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല ഗവർണർ പി.സദാശിവത്തിനു കത്തുനൽകി. മണ്ഡലകാലം അടുത്തുവരുന്നതിനിടെ ദേവസ്വം ബോർഡ് ഭരണസമിതി പിരിച്ചുവിടുന്നത് തെറ്റായ നടപടിയാണെന്നു ചെന്നിത്തല കത്തിൽ കുറ്റപ്പെടുത്തി.
വെള്ളിയാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. സർക്കാർ ഓർഡിനൻസോടെ നിലവിലെ ഭരണ സമിതിക്ക് ഇന്നു കൂടി മാത്രമേ അധികാരത്തിൽ തുടരാൻ കഴിയൂ എന്ന സ്ഥിതിയായി. ശനിയാഴ്ച പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായ തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി തീരും. മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിനായി അയച്ചു.
ദേവസ്വം ബോർഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ഓണറേറിയവും ഇനി സർക്കാരാണ് തീരുമാനിക്കുക. നിലവിൽ 8,000 രൂപ മാത്രമാണ് ഓണറേറിയവും സിറ്റിംഗ് ഫീസും ചേർന്ന് നൽകുന്നത്.
https://www.facebook.com/Malayalivartha

























