വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തത് കാരണം സംസ്ഥാനത്തെ അരലക്ഷത്തോളം വരുന്ന പുതിയ അപേക്ഷകര്‍ക്ക് ക്രിസ്മസിന് ക്ഷേമപെന്‍ഷന്‍ ലഭിക്കില്ല

വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനുള്ള വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തത് കാരണം സംസ്ഥാനത്തെ അരലക്ഷത്തോളം വരുന്ന പുതിയ അപേക്ഷകര്‍ക്ക് ക്രിസ്മസിന് ക്ഷേമപെന്‍ഷന്‍ ലഭിക്കില്ല. അടിസ്ഥാന വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനുള്ള വെബ്‌സൈറ്റാണ് ഏഴ് മാസമായി ധനവകുപ്പ് ബ്ലോക്ക് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങള്‍ വഴി പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങള്‍ ഇതോടെ താളം തെറ്റി.
പരാതികള്‍ ഉയര്‍ന്നതോടെ സത്യവാങ്മൂലം നല്‍കുന്ന വെബ്‌സൈറ്റ് സര്‍ക്കാര്‍ തുറന്നുകൊടുത്തു. എങ്കിലും വെബ്‌സൈറ്റുകള്‍ പൂര്‍ണമായും തുറന്നാല്‍ മാത്രമേ കാര്യമുള്ളൂ. തിരുവനന്തപുരം കോര്‍പറേഷനില്‍ മാത്രം പതിനായിരത്തോളം പേര്‍ കാത്ത് നില്‍ക്കുന്നു. വെബ്‌സൈറ്റ് തുറന്നു നല്‍കിയാലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏറെ സമയം വേണ്ടിവരും.
അതിനാല്‍ പെന്‍ഷന്‍ ലഭിക്കാന്‍ അടുത്തവര്‍ഷം വരെയെങ്കിലും കാത്തിരിക്കേണ്ടി വരും. അര്‍ഹരായവരുടെ പട്ടിക തദ്ദേശസ്ഥാപനങ്ങളുടെ പ്രതിമാസയോഗം അംഗീകരിക്കുന്നതാണ് ആദ്യപടി. ശേഷം അപേക്ഷകന്റെ പേര്, ആധാര്‍ നമ്പര്‍, അവരവരുടെ ഭൂമിയെ സംബന്ധിക്കുന്ന വിവരങ്ങള്‍, മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, മേല്‍വിലാസം എന്നിവ അപ്‌ലോഡ് ചെയ്യണം.
ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെ വിവരശേഖണാര്‍ഥമാണ് ബ്ലോക്ക് നടപടിയെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. അപ്‌ലോഡ് ചെയ്യുമ്പോള്‍ പ്രത്യേകം തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കും. ഇതുപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ ഗുണഭോക്താക്കളില്‍ നിന്ന് സത്യപ്രസ്താവന വാങ്ങണം. ഇതിനുള്ള സൈറ്റാണ് ഇപ്പോള്‍ തുറന്നത്. ബാങ്ക് പാസ് ബുക്ക് നമ്പര്‍, ഐ.എഫ്.എസ് കോഡ് തുടങ്ങിയ വിവരങ്ങള്‍ക്കൊപ്പം ഒന്നില്‍ കൂടുതല്‍ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നില്ലെന്ന് പെന്‍ഷന്‍കാര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്നത് ഈ സൈറ്റിലാണ്.
ഈ വിവരങ്ങള്‍ വീണ്ടും ഡയറക്ട് പെന്‍ഷന്‍ ട്രാന്‍സ്ഫര്‍ സെല്ലില്‍ (ടി.പി.ടി സെല്‍) അപ്‌ലോഡ് ചെയ്യണം. വാര്‍ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍, 50 വയസ്സ് പിന്നിട്ട അവിവാഹിതരായ അമ്മമാര്‍ക്കുള്ള പെന്‍ഷന്‍ എന്നിങ്ങനെ അഞ്ചുതരം പെന്‍ഷനുകളാണ് സര്‍ക്കാര്‍ നല്‍കുന്നത്.
https://www.facebook.com/Malayalivartha

























