സോളാര്‍ കമ്മിഷനില്‍ നിന്ന് നീതിരഹിതമായ സമീപനമാണ് ഉണ്ടായതെന്ന് ആലപ്പുഴ എം.പി കെ.സി വേണുഗോപാല്‍

സോളാര്‍ കമ്മിഷനില്‍ നിന്ന് നീതിരഹിതമായ സമീപനമാണ് ഉണ്ടായതെന്ന് ആലപ്പുഴ എം.പി കെ.സി വേണുഗോപാല്‍. തന്റെ കുടുംബത്തിലും പൊതുജീവിതത്തിലും സ്‌ഫോടനാത്മകത സൃഷ്ടിച്ച ഈ കത്ത് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയപ്പോള്‍ അതിന് മറുപടിയായി ഞാന്‍ വിചാരണ വേളയില്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയില്ല. താന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ മോശക്കാരാക്കി കരിവാരിതേക്കാന്‍ കമ്മിഷന്‍ ശ്രമിച്ചു. സരിത ആദ്യം എഴുതിയ കത്ത് കമ്മിഷന്‍ ഉള്‍പ്പെടുത്തിയില്ല. അതെവിടെയെന്ന് അന്വേഷിച്ചില്ല. രണ്ടാമത്തെ എങ്ങനെ വന്നു എന്നും പരിശോധിച്ചില്ല. 40 വര്‍ഷമായി പൊതുപ്രവര്‍ത്തനം നടത്തുന്ന തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സരിത എഴുതിയെന്ന് പറഞ്ഞ കത്ത് ഒരു ചാനല്‍ പുറത്ത് വിട്ടിരുന്നു. അതിനെതിരെ എറണാകുളം മജിസ്‌ട്രേട്ട് കോടതിയില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തു. കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതി പറഞ്ഞിരുന്നു. കേസ് ഇപ്പോഴും നടക്കുകയാണ്. എന്നെ മോശക്കാരനാക്കിയിട്ടും ജനം വിശ്വസിച്ചില്ല. അവര്‍ എന്നെ എം.പിയാക്കി. ക്ലിഫ് ഹൗസ്, റോസ് ഹൗസ്, ഡല്‍ഹിയിലെ കേരള ഹൗസ് എന്നിവിടങ്ങളില്‍ വെച്ച് തന്നെ പീഡിപ്പിച്ചതിന്റെ ദൃശ്യ, ശ്രവ്യ തെളിവുകള്‍ സരിത കമ്മിഷന് നല്‍കിയെന്ന് സരിത മൊഴി നല്‍കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. അതേക്കുറിച്ച് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എനിക്കെതിരെ ആകെയുള്ളത് സരിതയുടെ കത്തും ഫോണ്‍ വിളികളുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























