കെ.എസ്.ആര്‍.ടി.സിയില്‍ പരമാവധി പെന്‍ഷന്‍ 25,000 രൂപയായി നിജപ്പെടുത്താന്‍ തീരുമാനം

പെന്‍ഷന്‍ താരതമ്യേന കുറവായ കെ.എസ്.ആര്‍.ടി.സിയില്‍ പരമാവധി പെന്‍ഷന്‍ 25,000 രൂപയായി നിജപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിലൂടെ മാസം ഏഴ് കോടി രൂപയുടെ ബാദ്ധ്യത കോര്‍പ്പറേഷന് ഒഴിവാകും. അടുത്ത മാസം മുതല്‍ നടപ്പാക്കിയേക്കും.
പെന്‍ഷന്‍കാരില്‍ 75 ശതമാനവും 25,000 രൂപയ്ക്ക് താഴെ വാങ്ങുന്നവരാണ്. കെ.എസ്.ആര്‍.ടി.സിയിലെ ഏറ്റവും ഉയര്‍ന്ന് പെന്‍ഷന്‍ 42,000 രൂപയാണ്. സര്‍വീസ് കൂടുതലുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കാണ് ഈ തുക ലഭിക്കുന്നത്.
ഇവരെ കൂടാതെ ഡിപ്പോ എന്‍ജിനീയര്‍മാര്‍, എ.ടി.ഒ. എ.ഒ, ഡിപ്പോ ഓഫീസര്‍മാര്‍ തുടങ്ങിയ തസ്തികകളില്‍ നിന്ന് വിരമിച്ചവര്‍ക്കും 25,000 രൂപയില്‍ കൂടുതല്‍ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ഇതെല്ലാം ഇനി 25,000 രൂപയായി കുറയും. അതുകൊണ്ടു തന്നെ പെന്‍ഷന്‍ സംഘടനകള്‍ തീരുമാനത്തെ എതിര്‍ക്കാന്‍ സാദ്ധ്യത കുറവാണ്. കൂടിയ പെന്‍ഷന്‍ 15,000 രൂപയായി നിജപ്പെടുത്താന്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും നടപ്പാക്കിയില്ല.
കോര്‍പ്പറേഷന്റെ ബാദ്ധ്യത കുറയ്ക്കാന്‍ ബാങ്ക് കണ്‍സോര്‍ഷ്യം 3,000 കോടി രൂപ വായ്പ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അത് കിട്ടുന്നതോടൊപ്പം പെന്‍ഷന്‍ നിയന്ത്രണവും നടപ്പാക്കാനാണ് തീരുമാനം. വായ്പ നല്‍കും മുമ്പ് കടുത്ത സാമ്പത്തിക നിയന്ത്രണം വേണമെന്ന് കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ കൂടി ഭാഗമായാണ് പെന്‍ഷന്‍ കുറയ്ക്കുന്നത്.
ദീര്‍ഘകാല വായ്പയായാണ് 3,000 കോടി ലഭിക്കുക. ഇപ്പോഴത്തെ ബാദ്ധ്യതകള്‍ ദീര്‍ഘകാല വായ്പകളിലേക്ക് മാറ്റുമ്പോള്‍ വായ്പാ തിരിച്ചടവില്‍ ദിവസം രണ്ടുകോടി രൂപ മിച്ചമുണ്ടാകും. ഇങ്ങനെ മാസം 60കോടി ലാഭിക്കാം. ഈ തുക ശമ്പളവിതരണത്തിനു ഉപയോഗിക്കാം എന്നാണ് കോര്‍പ്പറേഷന്‍ മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha

























