തെറ്റ് ഏറ്റുപറഞ്ഞ് പി.ജയരാജന്‍, ജയരാജന്റെ ജനപ്രീതിയില്‍ ഹാലിളകേണ്ട കാര്യമുണ്ടോ? നേതാക്കള്‍ തമ്മിലുള്ള ഭിന്നത പ്രവര്‍ത്തകരിലേക്കും പടരുമോ?

സംസ്ഥാനത്തെ സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന സമിതിയില്‍ തനിക്കെതിരെ വിമര്‍ശനം ഉണ്ടായെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറയാതെ പറഞ്ഞു. അതേസമയം സംസ്ഥാന സമിതിയില്‍ നിന്ന് താന്‍ ഇറങ്ങിയപ്പോയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തെറ്റാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിമര്‍ശനവും സ്വയംവിമര്‍ശനവും സ്വാഭാവികമാണ്. അതുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കും. കണ്ണൂര്‍ ജില്ലാ ഘടകത്തിന് മാത്രമായി പ്രത്യേകതകളില്ല. സംസ്ഥാന ഘടകം പറയുന്നകാര്യങ്ങളാണ് ജില്ലയില്‍ നടപ്പാക്കുന്നത്. എല്ലാ പാര്‍ട്ടി കമ്മിറ്റികളിലും വിമര്‍ശനങ്ങള്‍ ഉണ്ടാകണം. ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകനെയും പാര്‍ട്ടിക്ക് വിമര്‍ശിക്കാമെന്നും ജയരാജന്‍ വ്യക്തമാക്കി.
അതേസമയം തന്റെ പേരില്‍ ഇറങ്ങിയ സംഗീത ആല്‍ബവും വീഡിയോയും തന്റെ അറിവോ, സമ്മതമോ ഇല്ലാതെ ഇറങ്ങിയതാണെന്നും പി.ജയരാജന്‍ വ്യക്തമാക്കി. അതേസമയം കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനേക്കാളും മറ്റ് നേതാക്കളെക്കാളും പാര്‍ട്ടിയേക്കാളും ഉപരിയായി ജയരാജന്റെ ജനപ്രീതി വര്‍ദ്ധിക്കുന്നതായി സംസ്ഥാന നേതാക്കളില്‍ ചിലര്‍ ആരോപിക്കുന്നു. കണ്ണൂരിലെ പാര്‍ട്ടി, സര്‍ക്കാര്‍ പരിപാടികളോടനുബന്ധിച്ച് പി.ജയരാജന്റെ പ്രത്യേകം ഫഌക്‌സുകള്‍ വയ്ക്കുന്നതായും ജില്ലാ സെക്രട്ടറിയുടെ ജീവിതരേഖ വ്യക്തമാക്കുന്ന നൃത്തശില്‍പം അവതരിപ്പിച്ച് ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു സംസ്ഥാന സമിതിയിലെ വിമര്‍ശനം.
ദിവസങ്ങള്‍ക്ക് മുമ്പ് മട്ടന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ഒരു ചടങ്ങില്‍, സ്വാഗത പ്രാസംഗികനായിരുന്ന പി. ജയരാജന്റെ പേര് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ നിര്‍ത്താത്ത കരഘോഷമാണുണ്ടായത്. ഇത് അല്‍പ്പം കടന്ന് പോയെന്നും പിണറായിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. പയ്യന്നൂരില്‍ ധനരാജ് വധക്കേസിനെ തുടര്‍ന്ന് സി.പി.എം ജില്ലാ ഘടകം നടത്തിയ മാര്‍ച്ചിനിടെ ജയരാജന്‍ പൊലീസ് സ്റ്റേഷന്റെ വരാന്തയില്‍ കയറി പ്രസംഗിച്ചത് വിവാദമായിരുന്നു. എന്നാല്‍ അണികള്‍ക്കിടയില്‍ ഇത് വലിയ ആവേശമാണ് ഉണ്ടാക്കിയത്. പ്രത്യേകിച്ചും യുവജനങ്ങള്‍ക്കിടയില്‍. ഇത് പല സംസ്ഥാന നേതാക്കള്‍ക്കും രസിച്ചില്ല.
പാര്‍ട്ടിഭരിക്കുമ്പോള്‍ പൊലീസ് സ്റ്റേഷനുകളില്‍ അതിക്രമിച്ച് കയറി സമരം നടത്തുന്നത് ശരിയല്ലെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. കണ്ണൂരില്‍ ഇ.പി ജയരാജനും കോടിയേരി ബാലകൃഷ്ണനും രണ്ട് തട്ടിലാണ്. അതിന്റെ ഭാഗമായാണ് ഇ.പിയുടെ മന്ത്രിക്കസേര പെട്ടെന്ന് തെറിച്ചത്. അതേസമയം അതിനേക്കാള്‍ നിയമലംഘനങ്ങള്‍ നടത്തിയ തോമസ് ചാണ്ടിയെ സംരക്ഷിക്കുകയും ചെയ്യുന്നു. എം.വി ജയരാജനെ പിണറായി തന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കി. പി. ജയരാജന്‍ ജില്ലാ സെക്രട്ടറിയായി തുടരുകയാണ്. എന്നാല്‍ മറ്റ് നേതാക്കള്‍ ജില്ലയില്‍ സജീവമായി ഇല്ലാത്തതിനാല്‍ പി.ജയരാജന്റെ അപ്രമാദിത്വം കൂടുകയാണെന്നും കെ.കെ രാഗേഷ് എം.പിയാണ് ഇതിന് ചുവട് പിടിക്കുന്നതെന്നുമാണ് സംസ്ഥാന നേതാക്കളുടെ ആക്ഷേപം.
https://www.facebook.com/Malayalivartha
























