പ്രയാറിനെതിരായ പണി ബൂമറാങ്ങായോ? ദേവസ്വം ബോര്‍ഡ് ഭരണസമിതി പഴയത് തന്നെ തുടരേണ്ടി വരുമോ? സര്‍ക്കാര്‍ വെട്ടിലായി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരസ്യമായി തിരിഞ്ഞ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാലാവധി മൂന്നില്‍ നിന്ന് രണ്ട് വര്‍ഷമായി വെട്ടിച്ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പി. സദാശിവം മടക്കിയയച്ചു. തിരുവിതാംകൂര്‍ ദേവസ്വം ആക് ടിലെ ചിലതില്‍ വിശദീകരണം തേടിയാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ സര്‍ക്കാരിന് തിരികെ നല്‍കിയത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബി.ജെ.പി ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ശബരിമല സീസണ്‍ ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് പ്രസിഡന്റിനെയും അംഗങ്ങളെയും നീക്കിയത് തീര്‍ത്ഥാനടത്തെ ബാധിക്കുമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് കാട്ടി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
യു.ഡി.എഫ് നോമിനിയായ പ്രസിഡന്റിനെ പുറത്താക്കിയതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് കാലാവധി രണ്ട് വര്‍ഷമായി വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്. ശബരിമലയിലെ വികസനപ്രവര്‍ത്തനങ്ങളിലും സ്ത്രി പ്രവേശനത്തിലും സര്‍ക്കാറിന് വിരുദ്ധമായ തീരുമാനങ്ങളാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ കൈക്കൊണ്ടത്. കഴിഞ്ഞ ശബരിമല സീസണ്‍ തുടങ്ങുന്നതിന് മുമ്പ് ചേര്‍ന്ന അവലോകനയോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രയാര്‍ പരസ്യമായി സംസാരിക്കുകയും ചെയ്തിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടപ്പോള്‍ ശബരിമലയെ തായ്‌ലന്റ് ആക്കാന്‍ നോക്കണ്ട എന്നാണ് അദ്ദേഹം പ്രതികരിച്ചത്. മാത്രമല്ല ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും പ്രയാറിന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. അതാണ് തന്നെ പുറത്താക്കുന്നതിലേക്ക് നയിച്ചതെന്ന് പ്രയാര്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
1950ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമത സ്ഥാപനങ്ങളിലെ നിയമത്തില്‍ മാറ്റംവരുത്തിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. അതോടെ പ്രയാറും കോണ്‍ഗ്രസ് അംഗം അജയ് തറയിലും പുറത്തായി. ഇരുവരുടെയും കാലാവധി രണ്ട് വര്‍ഷം പിന്നിടുന്നതിന് ഒരു ദിവസം മുമ്പായിരുന്നു സര്‍ക്കാറിന്റെ വിവാദതീരുമാനം. അതേസമയം സി.പി.എം അംഗമായ കെ.രാഘവന്‍ ബോര്‍ഡ് അംഗമായി തുടരുകയാണ്. അദ്ദേഹത്തിന്റെ കാലാവധി ഒരു വര്‍ഷം പിന്നിടുന്നതേയുള്ളൂ. ഗവര്‍ണറുടെ തീരുമാനം സര്‍ക്കാരിന് തിരിച്ചടിയാണ്. എന്നാല്‍ വിശദീകരണം മാത്രമേ തേടിയിട്ടുള്ളെന്നും അല്ലാതെ ഓര്‍ഡിനന്‍സ് മടക്കി അയച്ചിട്ടില്ലെന്നും ദേവസ്വം മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























