യോഗ സെന്റര്‍ ജീവനക്കാര്‍ വീട്ടിലെത്തി കൗണ്‍സിലിംഗ് എന്ന പേരിലായിരുന്നു പീഡനം നടത്തിയിരുന്നത്

മതംമാറിയവരെ ഘര്‍വാപ്പസി നടത്തി ഹിന്ദുമതത്തിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവരുന്നതിനെ തുടര്‍ന്ന് വിവാദമായ തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ സെന്ററിലെ ആളുകള്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് ഹാദിയ. കൗണ്‍സിലിംഗ് എന്ന പേരിലായിരുന്നു പീഡനം. യോഗാ സെന്ററിലുള്ളവര്‍ വീട്ടിലെത്തിയാണ് ഇതൊക്കെ ചെയ്തത്. ഇതെല്ലാം മാതാപിതാക്കളുടെ അറിവോടെയായിരുന്നു. ഹിന്ദുമതത്തിലേക്ക് തിരിച്ചുവന്നെന്ന് വ്യക്തമാക്കി വാര്‍ത്താസമ്മേളനം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വഴങ്ങാത്തതിനെ തുടര്‍ന്നായിരുന്നു മാനസിക പീഡനമെന്ന് ഹാദിയ വ്യക്തമാക്കി. മിശ്രവിവാഹം കഴിച്ച യുവതികളെ അടക്കം ശിവശക്തി യോഗാ സെന്ററില്‍ എത്തിച്ച് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
തൃശൂര്‍ സ്വദേശിയായ ഡോ. ശ്വേത ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 40തോളം പെണ്‍കുട്ടികളെ യോഗാ സെന്ററില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്ന് കണ്ടെത്തിയിരുന്നു. മനോജ് ഗുരുജി എന്നയാളാണ് ഉദയംപേരൂരില്‍ യോഗാ സെന്റര്‍ നടത്തിയിരുന്നത്. മനോജ്, ബന്ധു മനു, യോഗാ സെന്റര്‍ ജീവനക്കാരായ സുജിത്, കര്‍ണാടക സ്വദേശി സ്മിത ഭട്ട്, കണ്ണൂര്‍ സ്വദേശി ലക്ഷ്മി എന്നിവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഡോ. ശ്വേത സഹപാഠിയായ ഒരു മുസ്്‌ലിം യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ ശിവശക്തി യോഗ സെന്ററിലെത്തിച്ചത്. ശ്വേത മതം മാറിയിരുന്നില്ലെങ്കിലും വിവാഹബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനം. ആദ്യമൊക്കെ എതിര്‍ത്തെങ്കിലും രക്ഷയില്ലെന്ന് മനസിലായതോടെ യോഗാ സെന്ററുകാരുടെ ഇംഗിതത്തിന് വഴങ്ങിയതായി അഭിനയിച്ച് അവിടെ നിന്ന് പുറത്ത് കടക്കുകയായിരുന്നു ഡോ. ശ്വേത.
യോഗ കേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചിരുന്നെന്ന് ജീവനക്കാരന്‍ കൃഷ്ണകുമാര്‍ വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികളുടെ നഗ്‌നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തുന്നതായും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. യോഗ കേന്ദ്രത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ആന്ധ്ര സ്വദേശിനിയും രംഗത്തെത്തിയിരുന്നു. യോഗാ കേന്ദ്രത്തില്‍വച്ച് നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചതായി യുവതി പരാതി നല്‍കി. ക്രിസ്ത്യന്‍ യുവാവുമായുള്ള ബന്ധം ഒഴിവാക്കാന്‍ വേണ്ടിയാണ് വിവാഹം ചെയ്യിപ്പിച്ചതെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചിരുന്നു.
ഒരു മാസക്കാലം യോഗ സെന്ററില്‍ താമസിപ്പിച്ച് തന്നെ ക്രൂരമായ പീഡനത്തിനിരയാക്കിയി. അതിനു ശേഷം ഹിന്ദു യുവാവുമായി വിവാഹം കഴിപ്പിച്ച ശേഷമാണ് പുറത്തുപോകാന്‍ അനുവാദം ലഭിച്ചതെന്നും യുവതി പറഞ്ഞു. ഈ നിര്‍ബന്ധിത വിവാഹം ഒഴിവാക്കാന്‍ യുവതി കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























