കടലിന്റെ കാണാമറയത്ത് വച്ച് ഉറ്റവരെ കൈവിട്ട കാര്യം വേദനയോടെ ഓര്‍ത്തെടുത്ത് രക്ഷപ്പെട്ടവര്‍

രക്ഷപ്പെട്ടവര്‍ക്ക് കരളലിയുന്ന വേദനകളാണ് പറയാനുള്ളത്. 'സുനിലേ, എനിക്ക് പറ്റുന്നില്ലെടാ, നിങ്ങള്‍ കയറിക്കോ, ഞാന്‍ പോകുന്നു' ഓഖി വീശിയടിച്ചതിനെ തുടര്‍ന്ന് കടലില്‍ പെട്ടുപോയ ജോണ്‍സണ്‍ എന്ന മത്സ്യത്തൊഴിലാളി കൂടെയുള്ളവരോട് പറഞ്ഞ വാക്കാണിത്. ജോണ്‍സണ്‍ പോയ ബോട്ടിലെ നാലു പേര്‍ മടങ്ങിവന്നു.
കാറ്റില്‍ ബോട്ട് മറിഞ്ഞപ്പോള്‍ കൈകള്‍ കോര്‍ത്തുപിടിച്ചെങ്കിലും ജോണ്‍സന്റെ കൈകള്‍ കുഴഞ്ഞുപോയെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. തുടര്‍ന്ന് ജോണ്‍സണ്‍ കയ്യിലെ പിടിവിട്ടു. തൊട്ടുമുകളിലൂടെ വന്ന ഹെലികോപ്റ്റര്‍ താഴ്ന്ന് അടുത്തുവരെയെത്തിയിട്ടു തിരികെപ്പോയെന്നും ഇവര്‍ പറയുന്നു. കയ്യിലുണ്ടായിരുന്ന തുണി പറ്റാവുന്നത്ര ശക്തിയില്‍ വീശിയെങ്കിലും ഫലമുണ്ടായില്ലെന്നും അവര്‍ പറയുന്നു. വിഴിഞ്ഞത്ത് നിന്ന് വന്ന ബോട്ടിലാണ് ബാക്കിയുള്ളവരെ കരയ്‌ക്കെത്തിച്ചത്.
ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പേ മരിച്ചുപോയ രത്‌നമ്മ എന്ന സ്ത്രീയുടെ രണ്ട് മക്കളില്‍ മൂത്തയാളാണ് ജോണ്‍സണ്‍. രത്‌നമ്മയുടെ രണ്ടാമത്തെ മകനായ ജെയിംസിനെ കുറിച്ചും വിവരമില്ല. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രത്‌നമ്മയുടെ മക്കളായ ജോണ്‍സും ജെയിംസും രണ്ട് വള്ളങ്ങളിലായി കടലില്‍ പോയത്. ഇളയ മകന്‍ ജെയിംസിനൊപ്പമാണ് രത്‌നമ്മ താമസിക്കുന്നത്. മൂത്ത മകന്‍ ജോണ്‍സണും കുടുംബവും തൊട്ടടുത്ത വീട്ടിലാണ് താമസം. ജോണ്‍സണ് മൂന്ന് പെണ്‍മക്കളാണ്.
https://www.facebook.com/Malayalivartha

























