രാത്രി 12മണി കഴിഞ്ഞാൽ ഭീകര ശബ്ദം, നോക്കിയാൽ ഒരു ഈച്ചപോലും ഇല്ല; ഭയന്നുവിറച്ച കുടുംബത്തിനൊപ്പം പോലീസ്: ഒടുവിൽ പ്രേതം പോലീസിനെ കണ്ട് പേടിച്ചോടിയോ..?

കുമരകം പഞ്ചായത്ത് എട്ടാം വാർഡിൽ താമസിക്കുന്ന അരുൺ കുമാറും കുടുംബവും മനസമാധാനമായി ഉറങ്ങിയിട്ട് ദിവസങ്ങളായി. ഉറങ്ങാൻ കിടന്നാലും രാത്രി 12 കഴിയുന്നതോടെ ഈ വീട്ടിലുള്ളവരെല്ലാം ഞെട്ടിയുണരും. വീടിന്റെ കതകിൽ നിന്നും മേൽക്കൂരയിൽ നിന്നും കേൾക്കുന്ന വലിയ ശബ്ദമാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. രാത്രി 12നും പുലർച്ചെ ആറിനും ഇടയിലാണ് ശബ്ദം കേൾക്കുന്നത്. പക്ഷേ, ശബ്ദം കേൾക്കുന്ന ഭാഗത്ത് നോക്കിയാൽ ഒരീച്ചയെ പോലും കാണാനാകില്ല. ഇതാണ് അരുൺ കുമാറിനെയും കുടുംബത്തെയും ഭീതിയിലാഴ്ത്തുന്നത്.
എല്ലാ ദിവസവും ഇത്തരത്തിൽ ശബ്ദം കേൾക്കുന്നത് ആവർത്തിച്ചതോടെ അരുൺകുമാർ പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് ആരംഭിച്ച അന്വേഷണത്തിൽ ആദ്യ ദിവസത്തെ രാത്രിയിൽ പോലീസ് ശബ്ദം കേൾക്കുന്നതിന്റെ കാര്യങ്ങൾ മനസിലാക്കുന്നതിനായി വീട്ടിൽ കഴിഞ്ഞു.എന്നാൽ ശബ്ദം കേൾക്കുന്ന ഭാഗത്തു നിന്നും ആരെയും കണ്ടെത്താൻ പോലീസിനും കഴിഞ്ഞിരുന്നില്ല.
പിറ്റേന്നു രാത്രിയിലും പോലീസ് വീട്ടിൽ എത്തിയിരുന്നെങ്കിലും ശബ്ദം കേട്ടില്ല. തുടർന്നുള്ള രണ്ടു ദിവസങ്ങളിലും രാത്രിയിൽ പോലീസ് വീട്ടിലെത്തി താമസിച്ചെങ്കിലും ശബ്ദം കേട്ടില്ല. അന്വേഷണം തുടങ്ങിയ ഒരു രാത്രി ഒഴികെയുള്ള ദിവസങ്ങളിൽ ശബ്ദം കേൾക്കാത്ത സാഹചര്യമാണ്. ഇതോടെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ സംഭവത്തിന്റെ യഥാർഥ്യം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണു സ്പെഷൽ ബ്രാഞ്ചും വീട്ടുകാരും.
കുമരകം പഞ്ചായത്തിലെ എട്ടാം വാർഡിൽ പൊങ്ങലിലാണ് അരുൺകുമാറും കുടുംബവും താമസിക്കുന്നത്. ഭിത്തികെട്ടി മേൽക്കൂരയിൽ ഷീറ്റുകൾ മേഞ്ഞതാണ് ഇവരുടെ വീട്. അരുൺ കുമാറിന്റെ സഹോദരനും കുടുംബവും തൊട്ടടുത്ത ഷെഡ് കെട്ടിയാണ് താമസിക്കുന്നത്. ഇവരും അരുൺ കുമാറിന്റെ വീട്ടിലാണ് രാത്രിയിൽ കിടക്കാറുള്ളത്.
വീടിന്റെ കതകിൽ നിന്നും മേൽക്കൂരയിൽ നിന്നുമാണ് വലിയ ശബ്ദം കേൾക്കാറുള്ളത്. രാത്രി 12നും പുലർച്ചെ ആറിനും ഇടയിലാണ് ശബ്ദം കേൾക്കുന്നത്.ഇത് ഇരുപത് മിനിറ്റിലേറെ നീണ്ടുനിൽക്കും. എന്നാൽ ശബ്ദം കേൾക്കുന്ന ഭാഗത്ത് നോക്കിയാൽ ആരെയും കാണാനാകില്ല. ഇതെല്ലാമാണ് അരുൺകുമാറിനെയും കുടുംബത്തെയും ഭീതിയിലാഴ്ത്തുന്നത്.
ശബ്ദം കേൾക്കുന്നത് നിത്യസംഭവമായതോടെ പ്രദേശത്തെ ഒരുകൂട്ടം യുവാക്കൾ അരുൺകുമാറിന്റെ വീട്ടിലെത്തി. ശബ്ദത്തിന്റെ ഉറവിടം മനസിലാക്കാനായി ഇവർ രാത്രി വീട്ടിൽ കിടക്കുകയും ചെയ്തു. പതിവുപോലെ അർദ്ധരാത്രിയിൽ ശബ്ദം കേൾക്കാൻ തുടങ്ങി. ഉടൻതന്നെ യുവാക്കൾ വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും ആരെയും കണ്ടില്ല. തുടർന്ന് യുവാക്കളെല്ലാം വീട്ടിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ശബ്ദം കേൾക്കുമ്പോൾ വീട്ടിലുള്ളവർ എല്ലാം ഒരു മുറിയിലേക്ക് മാറും.
പിന്നീട് ശബ്ദം അവസാനിച്ചാലെ അവരവരുടെ മുറിയിലേക്ക് പോകു. ടിപ്പർ ലോറിയിൽ നിന്ന് കല്ല് ഇറക്കുമ്പോഴുണ്ടാകുന്ന ശബ്ദമാണ് കേൾക്കുന്നത്. എല്ലാ ദിവസവും ഇതാവർത്തിച്ചതോടെയാണ് അരുൺകുമാർ പോലീസിൽ പരാതി നൽകിയത്.
https://www.facebook.com/Malayalivartha


























