അവസാനം ജയരാജന്റെ കൈപൊള്ളി; സ്വന്തം ഫോട്ടോയുള്ള ഫ്‌ളക്‌സ് വയ്ക്കരുതെന്ന് എഫ്.ബി പോസ്റ്റ്

പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള കണ്ണൂരിലെ സിപിഐ(എം) നേതാക്കള്‍ ഭരണയന്ത്രം തിരിക്കാന്‍ തലസ്ഥാനത്ത് താമസിക്കുമ്പോള്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അവിടെ രാജാവായി വാണു. ഫ്‌ളക്‌സുകള്‍ക്ക് പുറമേ ജയരാജ സ്തുതിഗീതങ്ങളും പുറത്തിറങ്ങിയപ്പോള്‍ സംസ്ഥാന കമ്മിറ്റി വിലക്കി. അതോടെ ജയരാജന്‍ തെറ്റുതിരുത്തി. പാര്‍ട്ടി സമ്മേളനങ്ങളോട് അനുബന്ധിച്ച് തന്റെ ഫോട്ടോ വച്ചുള്ള ഫഌക്‌സ് ബോര്‍ഡുകള്‍ പലരും ഉയര്‍ത്തിയിട്ടുണ്ട്. അതെല്ലാം മാറ്റണമെന്ന് പി.ജയരാജന്‍ ഫെയിസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
'സമ്മേളനങ്ങള്‍ വലിയ ജന പങ്കാളിത്തത്തോട് കൂടി നടന്നുവരികയാണ്. ജനങ്ങളാകെ മുന്‍കൈ എടുത്തുകൊണ്ട് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.എന്നാല്‍ ചിലയിടങ്ങളില്‍ എന്റെ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയതായി കാണാന്‍ കഴിഞ്ഞു.അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ പിന്മാറണം.ഇതുയര്‍ത്തി ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതിനു സഹായകരണമാണ് ഇത്തരം ബോര്‍ഡുകള്‍.സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. ഈ ഉദ്ദേശം സാധ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്' എന്ന് എഫ്.ബി പോസ്റ്റില്‍ പറയുന്നു.
ചെഞ്ചോരപ്പൊന്‍കതിരല്ലോ പി. ജയരാജന്‍ എന്ന ഗാനത്തോടെയുള്ള വീഡിയോ ആല്‍ബം ഇറങ്ങിയതോടെയാണ് ജയരാജന്‍ വിവാദത്തിലായത്. കണ്ണൂരിലുടനീളം ജയരാജന്റെ ഫഌക്‌സുകള്‍ കൊണ്ട് നിറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ അദ്ദേഹത്തേക്കാള്‍ കയ്യടി ജയരാജന് കിട്ടുന്നു. ഇതോടെയാണ് കണ്ണൂരില്‍ നിന്ന് തന്നെയുള്ള സംസ്ഥാന നേതാക്കള്‍ വിമര്‍ശനവുമായി എത്തിയത്. ഇതോടെ ജയരാജന്‍ തെറ്റ് തിരുത്താന്‍ തയ്യാറാവുകയായിരുന്നു. പക്ഷെ, കണ്ണൂരിലെ പ്രവര്‍ത്തകര്‍ ജയരാജനൊപ്പമായിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ വിമര്‍ശനം ഉണ്ടായതിന് പിന്നാലെ ജയരാജനൊപ്പം എന്ന സ്റ്റിക്കര്‍ പതിച്ച് ബാലസംഘം പ്രവര്‍ത്തകര്‍ പരിപാടിക്കെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























