ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽപെട്ട 72 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി

ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽപെട്ട 72 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു. ഇതിൽ 14 പേർ മലയാളികളാണ്. ശേഷിക്കുന്നർ തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
ആറ് ബോട്ടുകളിൽ നിന്നുമാണ് ഇത്രയും പേരെ രക്ഷിച്ചത്. ഒരു ബോട്ട് കൊല്ലത്ത് നിന്നുള്ളതും മറ്റുള്ളവ തമിഴ്നാട്ടിൽ നിന്നുള്ളതുമാണ്. രക്ഷപ്പെടുത്തിയവരെ ബിത്ര ദ്വീപിൽ എത്തിച്ചു. നാവികസേനയുടെ കപ്പലിൽ തൊഴിലാളികളെ നാട്ടിലെത്തിക്കും.
അതേസമയം, ഓഖിചുഴലിക്കാറ്റിൽ പെട്ട് കടലിൽ തുഴഞ്ഞുനടന്ന 1540പേരെയാണ് കേന്ദ്ര സേനകൾ ഇതുവരെ രക്ഷിച്ചതെന്ന് കേന്ദ്ര സർക്കാരിന്റെ നാഷണൽ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി യോഗം അറിയിച്ചു. കേരളത്തിൽ 250, തമിഴ്നാട്ടിൽ 243, ലക്ഷദ്വീപിൽ 1047 പേരെ വീതമാണ് നാവിക, വ്യോമ, തീരസംരക്ഷണ സേനകൾ രക്ഷിച്ചെടുത്തത്.
കോസ്റ്റ്ഗാർഡിന്റെ 10 കപ്പലുകൾ, മൂന്ന് എയർക്രാഫ്റ്റുകൾ, ഒരു ഹെലികോപ്റ്റർ, നാവികസേനയുടെ പത്ത് കപ്പലുകൾ, രണ്ട് വിമാനങ്ങൾ, രണ്ട് ഹെലികോപ്റ്ററുകൾ, വ്യോമസേനയുടെ ഒരു വിമാനം, മൂന്ന് ഹെലികോപ്റ്ററുകൾ എന്നിവ രക്ഷാദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ട്. ഓഖി രക്ഷാദൗത്യം വിലയിരുത്താൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി പി.കെ.സിൻഹയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. ചീഫ്സെക്രട്ടറിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും വീഡിയോ കോൺഫറൻസിംഗിലൂടെ അദ്ദേഹം ആശയവിനിമയം നടത്തി.
ദേശീയ ദുരന്തനിവാരണ സേന, പ്രതിരോധ, ആഭ്യന്തര മന്ത്രാലയം, നാവിക, വ്യോമ, തീരസംരക്ഷണ സേനകൾ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥർ രക്ഷാദൗത്യം വിശദീകരിച്ചു. കാണാതായ മത്സ്യത്തൊഴിലാളികളെ എല്ലാവരേയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരാൻ യോഗം തീരുമാനിച്ചു. ആൻഡമാൻ കടലിന് തെക്കായി രൂപപ്പെടുന്ന മറ്റൊരു ന്യൂനമർദ്ദം കേരളത്തെ ബാധിക്കില്ലെന്നാണ് യോഗം വിലയിരുത്തിയത്.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.

https://www.facebook.com/Malayalivartha


























