മരണത്തിന് തൊട്ടുമുൻപ് സുഹൃത്തുക്കൾക്ക് വാട്സ്ആപ് വീഡിയോ സന്ദേശം നൽകി യുവാവ് ആത്മഹത്യ ചെയ്തു

മരണത്തിന് തൊട്ടുമുൻപ് സുഹൃത്തുക്കൾക്ക് വാട്സ്ആപ് വീഡിയോ സന്ദേശം നൽകി യുവാവ് ആത്മഹത്യ ചെയ്തു. മരുതൂർ തൊണ്ടിയന്നൂർ കുളപ്പുള്ളി മലയിൽ ജനാർദ്ദനൻ– രമണി ദമ്പതികളുടെ ഏക മകൻ ശ്രീജിത്തിനെ (19) ആണ് വീടിനോട് ചേർന്നുള്ള കാട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒറ്റപ്പാലം ഐടിഐ വിദ്യാർഥിയാണ്. ശ്രീജിത് പഠനത്തോടൊപ്പം തേങ്ങ വ്യാപാരിയായ പിതാവ് ജനാർദ്ദനനെ സഹായിച്ചു വരുകയായിരുന്നു. മരിക്കാൻ പോകുകയാണെന്ന സന്ദേശം പകർത്തുന്നത് ഡിസംബർ നാലിന് വൈകിട്ട് 4.50ന് ആണെന്ന് പറയുന്ന സന്ദേശത്തിൽ മരിക്കാൻ കാരണക്കാരനായ യുവാവിന്റെ പേരും പറയുന്നുണ്ട്.
25 ലക്ഷത്തോളം കടമുണ്ടെന്നും 10 ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിൽ മാത്രമേ പിടിച്ചു നിൽക്കാനാകൂവെന്നും ജീവിക്കാൻ കഴിയാത്തതിനാലാണ് മരിക്കുന്നതെന്നും വീഡിയോ സന്ദേശത്തിൽ പറയുന്നു. മരിക്കാൻ കാരണക്കാരനായ യുവാവിനെ തിരിച്ചറിയാനുള്ള അടയാളങ്ങളും രാഷ്ട്രീയവും വരെ വ്യക്തമാക്കുന്നുണ്ട്. നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് നാലിന് രാത്രി എട്ടു മണിയോടെ മൃതദേഹം കാടിനുള്ളിൽ കണ്ടത്.
ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഷൊർണൂർ ശാന്തി തീരത്ത് സംസ്കരിച്ചു. മരിക്കുന്നതിന് മുൻപ് ആത്മഹത്യ കുറിപ്പായി നൽകിയ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha

























