ഇനി വിചാരണയുടെ നാളുകൾ ; നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ ഹാജരാകാന്‍ ദിലീപിനു സമന്‍സ്

നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനു കോടതി സമന്‍സ് അയച്ചു. കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിച്ചതിനെ തുടര്‍ന്നാണ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചത്. ഈ മാസം 19ന് കോടതിയില്‍ നേരിട്ടു ഹാജരാകാനാണു സമന്‍സില്‍ നിര്‍ദേശം. ദിലീപിനെ കൂടാതെ, കേസിലെ പ്രതികളായ വിഷ്ണു, മേസ്തിരി സുനില്‍ എന്നിവര്‍ക്കും കോടതി സമന്‍സ് കൈമാറി.
കേസില്‍ നടന് ദിലീപിനെ എട്ടാംപ്രതിയാക്കി അന്വേഷണ സംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു. രണ്ടാഴ്ച നീണ്ടുനിന്ന സൂക്ഷ്മ പരിശോധനകള്‍ക്കുശേഷമാണ് കുറ്റപത്രം സ്വീകരിച്ചത്.
ദിലീപ് ഉള്‍പ്പെടെ പന്ത്രണ്ടുപേരെ പ്രതികളാക്കി കഴിഞ്ഞ മാസം 22നു സമര്‍പ്പിച്ച 1542 പേജുള്ള കുറ്റപത്രത്തില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യര്‍ ഉള്‍പ്പെടെ 355 സാക്ഷികളാണുള്ളത്. ഇതില്‍ അന്പതോളംപേര് സിനിമാ മേഖലയില്‍നിന്നുള്ളവരാണ്. മൊബൈല്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ ആകെ 400 രേഖകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരുന്നു.
പരിശോധനയ്ക്കിടെ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സാങ്കേതിക സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. സംശയങ്ങള്‍ തീര്‍ത്ത കുറ്റപത്രമാണു കോടതി സ്വീകരിച്ചത്. ഫയലില്‍ സ്വീകരിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്കു നല്‍കും. പ്രതികള്‍ക്കെതിരേ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളതിനാല്‍ തുടര്‍നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണു നടക്കുക.
ഒന്നാം പ്രതിയായ സുനില്‍ കുമാറിന്റെ(പള്‍സര്‍ സുനി) നേതൃത്വത്തില്‍ കഴിഞ്ഞ ഫെബ്രുവരി 17നാണു നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അശ്ലീലചിത്രങ്ങല് പകര്‍ത്തിയ സംഭവം നടന്നത്. ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികളെ ഉള്‍പ്പെടുത്തി ഏപ്രില്‍ 18ന് ആദ്യകുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha

























