മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് നീക്കണം വനം- പരിസ്ഥിതി നിയമങ്ങള്‍ സംരക്ഷിക്കണം; കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ എതിര്‍ കക്ഷിയാക്കി ഗ്രീന്‍ ട്രൈബ്യൂണലില്‍ ഹര്‍ജി

സര്‍ക്കാരിനെയും സി.പി.എമ്മിനെയും വെട്ടിലാക്കി സി.പി.ഐ വീണ്ടും രംഗത്ത്. മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് നീക്കണമെന്നും വനം, പരിസ്ഥിതി നിയമങ്ങള്‍ സംരക്ഷിക്കണമെന്നും ഉദ്യാനങ്ങളും പാര്‍ക്കുകളും സംരക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചില്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി. രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് പുറമേ കേന്ദ്രത്തിനും മറ്റ് കക്ഷികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹര്‍ജി ജനുവരി 15ന് ഹര്‍ജി ജനുവരി 15ന് പരിഗണിക്കും.
സംസ്ഥാന കൗണ്‍സിലിന്റെ തീരുമാനപ്രകാരം എക്‌സിക്യൂട്ടീവ് അംഗം പി.പ്രസാദാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ജനകീയവിഷയങ്ങളില്‍ സ്വന്തമായി നിലപാടെടുത്ത് ജനപിന്തുണ നേടുകയാണ് സി.പി.ഐ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ ഇടത് മുന്നണി വീണ്ടും പുകയുന്നു. അത് പൊട്ടിത്തെറിയിലേക്ക് കടക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
മൂന്നാറിലെ മലിനീകരണം നിയന്ത്രിക്കാന്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കയ്യേറ്റമാണ് മൂന്നാറിലെയും പരിസരപ്രദേശങ്ങളിലെയും പ്രധാന പ്രശ്‌നം. രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ബിനാമികള്‍ ഇവിടെ യൂക്കാലിപ്‌സ് കൃഷി നടത്തുന്നുണ്ട്. ഇത് പരിസ്ഥിതിക്ക് നാശമാണ്. അതുകൊണ്ട് വെട്ടിനശിപ്പിക്കണം. പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ല. അതിനാല്‍ ഇവയില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ജോയിസ് ജോര്‍ജ് എം.പി കയ്യേറിയ മൂന്നാറിലെ കൊട്ടക്കമ്പൂരിലെ ഭൂമി ഉള്‍പ്പെടുന്ന ഭാഗം മുമ്പ് ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായിരുന്നു. ഏതാണ്ട് 300 ഏക്കറോളം പ്രദേശമാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീടത് റദ്ദാക്കി. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ട്ീവ് തീരുമാനപ്രകാരമാണ് ഹര്‍ജി നല്‍കിയതെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പി. പ്രകാശ് ബാബു പറഞ്ഞു. മൂന്നാറിലെ കുടിയൊഴിപ്പിക്കലല്ല തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. അവിടുത്തെ ജൈവവൈവിധ്യം സംരക്ഷിക്കണമെന്നാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാരിനെതിരെ മുന്നണിയിലെ തന്നെ പ്രബല കക്ഷി കോടതി കയറുന്നതോടെ മുന്നണിയിലെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ചുഴലിക്കാറ്റ് പോലെ ആഞ്ഞടിക്കുകയാണ്.
മൂന്നാര്‍ വിഷയത്തില്‍ സി.പി.എമ്മും സി.പി.ഐയും പോര് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മൂന്നാര്‍ കേസില്‍ ഹരിത ട്രൈബ്യൂണലില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാനെ നിയമിക്കണമെന്ന റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ ആവശ്യം അഡ്വക്കേറ്റ് ജനറല്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് സി.പി.എമ്മിന്റെ പോഷകസംഘടനയായ കര്‍ഷകസംഘം കേസില്‍ കക്ഷിചേര്‍ന്ന് സ്വന്തം അഭിഭാഷകനെ നിയമിച്ചിരുന്നു. മൂന്നാര്‍ വിഷയത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ഗ്രീന്‍ ട്രൈബ്യൂണലിന് അധികാരമുണ്ടോ എന്ന് സി.പി.ഐ അന്ന് നിയമവശം തേടിയിരുന്നു.
https://www.facebook.com/Malayalivartha

























