ഒരാഴ്ച പിന്നിട്ടിട്ടും ഓഖി ദുരിതം തുടരുന്നു... 15 പേരെ കോഴിക്കോട് രക്ഷപെടുത്തി, തെരച്ചില്‍ തുടരുന്നു

ഒരാഴ്ച പിന്നിട്ടിട്ടും ഓഖി വിതച്ച ദുരിതം അവസാനിക്കുന്നില്ല. ലക്ഷദ്വീപില്‍ 15 മല്‍സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി നാവികസേന കണ്ടെത്തി. ഇവരുടെ പക്കല്‍ ഭക്ഷണമോ , വെള്ളമോ ഇല്ല. കൊച്ചി നാവിക സേനാ ആസ്ഥാനത്ത് നിന്ന് ഇവരെ രക്ഷിക്കാന്‍ ബോട്ട് പുറപ്പെട്ടിട്ടുണ്ട്. കടലില്‍ ചുറ്റുന്ന നാവികസേനയുടെ കപ്പലിനോട് അവിടേക്ക് നീങ്ങാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ആലപ്പുഴ പുറംകടലില്‍ 100 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കണ്ടെത്തിയത്. ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ മരണം 35 ആയി.
കോഴിക്കോട് പുറംകടലില്‍ നിന്ന് രാവിലെ 15 പേരെ നാവികസേന രക്ഷപെടുത്തി. ഇവരെ വ്യോമസേന വിമാനത്തില്‍ കവരത്തിയിലെത്തിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് നാവികസേന അധികൃതര്‍ അറിയിച്ചു. കൊച്ചിയില്‍ നിന്നും ആറ് മത്സ്യത്തൊഴിലാളികളുമായി നാവികസേനയുടെ ഐഎന്‍എസ് കല്‍പേനി തെരച്ചില്‍ നടത്തുകയാണ്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും സംഘങ്ങള്‍ ലക്ഷദ്വീപ് തീരത്ത് തെരച്ചിലിലാണ്.
നാവിക സേനയുടെ 12 കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കേരള തീരത്ത് ആറെണ്ണവും ലക്ഷദ്വീപ് തീരത്ത് ബാക്കിയും. ചെന്നൈയിലെയും മുംബൈയിലെയും നേവി കപ്പലുകളും എത്തിയിട്ടുണ്ട്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ അഞ്ച് ബോട്ടുകളും നാവികസേനയുടെ നാല് ഹെലിക്കോപ്റ്ററുകളും കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളും 200 നോട്ടിക്കല്‍ മൈല്‍ വരെ തെരച്ചില്‍ നടത്തും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ട പ്രകാരം 12000 ലിറ്റര്‍ കുടിവെള്ളം സേന എത്തിച്ചു.
https://www.facebook.com/Malayalivartha

























