ഓഖി ദുരന്തം: കേരളം കേന്ദ്രത്തോട് 1843 കോടിരൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ടു, നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രം പ്രത്യേക സംഘത്തെ അയക്കും

ഓഖി ദുരന്തത്തിലെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രം പ്രത്യേക സംഘത്തെ അയക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടറിയിച്ചതാണിത്. പുനരധിവാസത്തിന് കേരളം 1843 കോടിരൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ടു.
വീടില്ലാത്ത മല്‍സ്യത്തൊഴിലാളികള്‍ക്ക് വീടുവച്ചുനല്‍കണം. മുന്നറിയിപ്പുനല്‍കാനുള്ള ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സഹായംവേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കേന്ദ്ര ഏജന്‍സികളുടെ ചെലവ് കേന്ദ്രം വഹിക്കണം.
തിരച്ചില്‍ പത്തുദിവസം കൂടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാവികസേന ഉള്‍പ്പെടെ 10 ദിവസം കൂടി കടലില്‍ തിരച്ചില്‍ നടത്തും. തിരച്ചിലിന് മല്‍സ്യത്തൊഴിലാളികളെ കൊണ്ടുപോകുന്നത് തുടരും. കാണാതായവരെ കണ്ടെത്താന്‍ മറ്റ് രാജ്യങ്ങളുടേയും സഹായം തേടിയെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
23 കപ്പലുകളും 8 ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനങ്ങളും തിരച്ചിലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസത്തിന് സര്‍ക്കാര്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്തുവെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ഒരു വീഴ്ചയുമില്ല. നഷ്ടത്തിന്റെ ആഘാതം കൊണ്ടാണ് ഇത് മനസിലാക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ കാണാതായ മല്‍സ്യത്തൊഴിലാളികള്‍ക്കായി സേനാവിഭാഗങ്ങള്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. നേവിയുടെ ഹെലികോപ്ടര്‍ തിരുവനന്തപുരം തീരത്ത് തെരച്ചില്‍ തുടങ്ങി. രക്ഷാപ്രവര്‍ത്തനത്തില്‍ ലത്തീന്‍സഭ അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് പത്തുദിവസം കൂടി തെരച്ചില്‍ തുടരാന്‍ സര്‍ക്കാര്‍ സേനാവിഭാഗങ്ങളോട് ആവശ്യപ്പെട്ടത്.
ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ തിരച്ചിലില്‍ ആലപ്പുഴ അര്‍ത്തുങ്കലിന് സമീപത്തു നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡിന്റേയും നാവികസേനയുടേയും കപ്പലുകള്‍ നാളെ തിരുവനന്തപുരം തീരത്ത് തെരച്ചില്‍ നടത്തും.
https://www.facebook.com/Malayalivartha
























