മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നില്ല, മീനിന് പൊള്ളുന്ന വില; ശബരിമല സീസണായതോടെ പച്ചക്കറിക്കും തീപിടിച്ച വില

ഓഖി ചുഴലിക്കാറ്റ് വിതച്ച കെടുതികളുടെ പശ്ചാത്തലത്തില്‍ പൊതുവിപണിയില്‍ അവശ്യവസ്തുക്കളുടെ വിലക്കയറ്റം വളരെയധികം രൂക്ഷമാകുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ പോകാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഇതുവരെ അനുമതി കിട്ടിയിട്ടില്ല. ഇതോടെ മാര്‍ക്കറ്റുകളില്‍ മത്സ്യം വരവ് കുത്തനെ ഇടിഞ്ഞു. എവിടെ നിന്നെങ്കിലും എത്തുന്ന മീനിനാണെങ്കില്‍ തീപിടിച്ച വിലയും. ഇതോടെ പച്ചക്കറിയുടെയും കോഴി ഇറച്ചിയുടെയും വില വര്‍ദ്ധിച്ചു.
മീന്‍കിട്ടാതായപ്പോള്‍ ജനം പച്ചക്കറി കൂടുതല്‍ വാങ്ങിത്തുടങ്ങിയതോടെ വിപണിയില്‍ വില കയറാന്‍ തുടങ്ങി. മുരിങ്ങയ്ക്ക, വെള്ളരി, തേങ്ങ തുടങ്ങിയ പച്ചക്കറിയിനങ്ങള്‍ക്കെല്ലാം വില കൂടിയിട്ടുണ്ട്. മുരിങ്ങയ്ക്ക വില കിലോയ്ക്ക് 130 രൂപയായി.
മാംസാഹാര പ്രിയര്‍ ചിക്കനിലേക്ക് തിരിഞ്ഞതോടെ കോഴിക്കും വില കൂടുകയായിരുന്നു. കോഴിയിറച്ചിക്ക് ഒരാഴ്ചയ്ക്കിടെ പത്ത് രൂപ വര്‍ദ്ധിച്ചു. വെളിച്ചെണ്ണയുടെയും ചെറിയ ഉള്ളിയുടെയും വിലക്കയറ്റമാണ് കടുത്തത്. വെളിച്ചെണ്ണ വില 190 ല്‍ നിന്ന് 211രൂപയായി. ചെറിയ ഉള്ളിയുടെ വില കുത്തനെയാണ് വര്‍ദ്ധിച്ചത്. ഇന്നലെ സര്‍ക്കാരിന്റെ ഹോര്‍ട്ടി കോര്‍പില്‍ കിലോയ്ക്ക് 160 രൂപയായിരുന്നു. പൊതുവിപണിയില്‍ 175 രൂപ വരെയാണ് വാങ്ങുന്നത്.
ചെറിയ ഉള്ളിക്ക് വില കൂടിക്കൊണ്ടിരുന്നപ്പോള്‍ ആശ്വാസമായിരുന്നത് സവാളയാണ്. മാസങ്ങള്‍ക്ക് മുന്‍പ് കിലോയ്ക്ക് 15 രൂപ വരെ താഴ്ന്നിരുന്ന സവാളയ്ക്ക് ഇപ്പോള്‍ പൊതുവിപണിയില്‍ 60 രൂപയായി. വില ക്രമാതീതമായി വര്‍ദ്ധിച്ചതോടെ ഡിസംബറില്‍ സാധാരണക്കാരന്റെ അടുക്കള ബഡ്ജറ്റ് താളം തെറ്റുകയാണ്. ക്രിസ്മസ് വരുന്നതിനാല്‍ വരും ദിവസങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില ഇനിയും കൂടാനാണ് സാദ്ധ്യതയെന്ന് ചില്ലറ വ്യാപാരികള്‍ പറയുന്നു.
https://www.facebook.com/Malayalivartha

























