ഒാഖി ചുഴലിക്കാറ്റില്‍ പെട്ട് ലക്ഷദ്വീപില്‍ കുടുങ്ങിയ 79 പേര്‍ കൊച്ചിയിലെത്തി; തിരിച്ചെത്തിയവരിൽ 14 മലയാളികളും

ലക്ഷദ്വീപില്‍ കുടുങ്ങിയ 79 പേര്‍ ഏഴ് ബോട്ടുകളിലായി കൊച്ചി തോപ്പുംപടി ഹാര്‍ബറില്‍ വന്നിറങ്ങി. എല്ലാവരും തമിഴ്‌നാട് സ്വദേശികളാണെന്ന് കരുതുന്നു.14 മലയാളികളും ഈ കൂട്ടത്തിൽ ഉണ്ട്. നാലുപേര്‍ക്ക് പരിക്കുള്ളതിനാല്‍ അവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഒാഖി ചുഴലിക്കാറ്റില്‍ പെട്ട് ലക്ഷദ്വീപിലെത്തിയ തൊഴിലാളികള്‍ അവിടെ ആശുപത്രിയിലും ദുരിതാശ്വാസകേന്ദ്രങ്ങളിലുമായി കഴിയുകയായിരുന്നു. കടല്‍ ശാന്തമായതോടെ ആരോഗ്യമുള്ളവരെ തീരത്തേക്ക് കയറ്റിവിടുകയാണ് ദ്വീപ് അധികൃതര്‍. സ്വന്തം ബോട്ടുകളില്‍ തന്നെയാണ് ഇവര്‍ തീരമണഞ്ഞത്.
അതേസമയം, കടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്. വ്യോമസേനയുടെ വിമാനം തിരുവനന്തപുരം പൊഴിയൂരില്‍ നിന്ന് മത്സ്യത്തൊഴിലാളികളെയും കൂട്ടി തിരച്ചിലിനായി പുറപ്പെട്ടു. അഞ്ച് മത്സ്യത്തൊഴിലാളികളാണ് സംഘത്തോടൊപ്പമുള്ളത്.
കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും ജീവന് നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കരക്കെത്തിക്കുന്നതിനും പത്തുദിവസം കൂടി കടലില്‍ തിരച്ചില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നാവിക, വ്യോമ, തീരസംരക്ഷണ സേനകളാണ് തിരച്ചില്‍ നടത്തുന്നത്. ഉള്‍ക്കടലില്‍ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതായി കണ്ടെന്ന മത്സ്യത്തൊഴിലാളികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തീരുമാനം. മത്സ്യത്തൊഴിലാളികളെ കൂടുതലായി ഉള്‍പ്പെടുത്തിയാകും തിരച്ചില്‍. കൂടുതല്‍ കപ്പലുകളുടെ സേവനവും ലഭ്യമാക്കും.
അതിനിടെ ആലപ്പുഴ അര്‍ത്തുങ്കലില്‍നിന്ന് ഒരുമൃതദേഹം കണ്ടെത്തി. ഇയാളെ തിരിഞ്ഞറിഞ്ഞിട്ടില്ല.ഇതോടെ മരിച്ചവരുടെ എണ്ണം 38 ആയി. തിരുവനന്തപുരം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം ഡി.എന്‍.എ പരിശോധനയിലൂടെ ശനിയാഴ്ച തിരിച്ചറിഞ്ഞു. അടിമലത്തുറ ഷിബു ഹൗസില്‍ ദേവദാസിെന്റ മകന് സേസിലന്റിനെയാണ് (58) തിരിച്ചറിഞ്ഞത്.
തിരച്ചിലില്‍ തങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം പൊഴിയൂരില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ നെയ്യാറ്റിന്‍കരയില്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്നാണ് ഇവരെ ഉള്‍പ്പെടുത്തി തിരച്ചില്‍ ആരംഭിച്ചത്. വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ചുള്ള തിരച്ചില്‍ പത്തുദിവസം കൂടി തുടരണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം സേനാവിഭാഗങ്ങള്‍ക്കും കോസ്റ്റ്ഗാര്‍ഡിനും നേരത്തെ, അടിയന്തര സന്ദേശമയച്ചിരുന്നു.
https://www.facebook.com/Malayalivartha

























