ഉമ്മൻ ചാണ്ടി പ്രാർത്ഥിക്കാൻ പോകുന്ന പള്ളി ഏതാണെന്ന് തിരക്കി നടക്കുകയാണ് ചെന്നിത്തലാജി; ഇത്രയധികം മഹാത്ഭുതങ്ങൾ സാധിക്കുമോ എന്ന് ചെന്നിത്തലാജി

ഉമ്മൻ ചാണ്ടി പ്രാർത്ഥിക്കാൻ പോകുന്ന പള്ളി ഏതാണെന്ന് തിരക്കി നടക്കുകയാണ് ചെന്നിത്തലാജി. തിരുവനന്തപുരത്തെ ഓർത്തഡോക്സ് പള്ളിയാണെന്ന് കേട്ടിട്ടുണ്ടെങ്കിലും അവിടെ പ്രാർത്ഥിച്ചാൽ ഇത്രയധികം മഹാത്ഭുതങ്ങൾ സാധിക്കുമോ എന്നാണ് ചെന്നിത്തലാജി ചോദിക്കുന്നത്.
കാരണം ഇതാണ്. ഡിസംബർ ഒന്നിനാണല്ലോ പടയൊരുക്കം സമാപനം ആലോചിച്ചിരുന്നത്. അന്ന് നിനച്ചിരിക്കാതെ വന്ന ഓഖി അത് കൊണ്ടുപോയി. പിന്നീട് ഡിസംമ്പർ 14 നാണ് തീരുമാനിച്ചത്. ആദ്യത്തേത് കാറ്റ് കൊണ്ടു പോയെങ്കിൽ രണ്ടാമത്തേത് പെണ്ണ് കൊണ്ടുപോയി. പെണ്ണ് മറ്റാരുമല്ല, നമ്മുടെ സഹോദരി ജിഷ.
പതിനഞ്ചിന് രാവിലെ പത്രങ്ങൾ നോക്കിയ ചെന്നിത്തലാജിയുടെ കണ്ണ് തള്ളി. ഒന്നാം പേജിൽ അമറുൾ ഇസ്ലാമിന്റെ അമറുന്ന ചിത്രം. ഒപ്പം വെണ്ടക്ക - കഴുമരം. തൊട്ടടുത്ത് മറ്റൊരെണ്ണം, രാഹുൽജിയുടെ കടപ്പുറം പടം. ഒടുവിൽ കഴുമരം തനിക്ക് തന്നെ വധിച്ചു കൂടേ എന്ന് മാത്തുക്കുട്ടിച്ചായന്റെ മകനോട് ചോദിച്ചു പോയി ചെന്നിത്തലാജി. എസ് യു സി ഐ മാർച്ച് നടത്തിയാലും ഒന്നാം പേജിൽ കൊടുക്കുന്ന മനോരമ തന്നെ അവഗണിച്ചതിന് ചെന്നിത്തലാജി കണ്ടെത്താൻ പോകുന്ന ഒരു ന്യായമുണ്ട്, താൻ നായരായി പോയില്ലേ.
യാത്ര നടത്തിയത് പുതുപ്പള്ളിയിലെ അച്ചായനോ പാലായിലെ അച്ചായനോ ആയിരുന്നെങ്കിൽ മനോരമയുടെ ആനന്ദം കാണാമായിരുന്നു എന്നാണ് ചെന്നിത്തലാജി ഇപ്പോൾ പരിഭവിക്കുന്നത്.
ഇനി മാതൃഭുമി യുടെ കാര്യമെടുത്താലോ. അത് പടയൊരുക്കത്തിന്റെ പ പോലും കണ്ടില്ലെന്ന് വച്ചു. അതിൽ ചെന്നിത്തലാജിക്ക് പരിഭവമില്ല. കാരണം വീരൻ തന്നെ വിട്ടേച്ച് പോകാൻ ആലോചിക്കുകയാണല്ലോ.
ഇപ്പോൾ ചെന്നിത്തലാജിക്ക് ഒരു സംശയമുണ്ട്. ചൊവാഴ്ചയാണ് അമറുൾ ഇസ്ലാം ചങ്ങാതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. സ്വാഭാവികമായും ബുധനാഴ്ച വിധി വരണം. എന്നാൽ ബുധനാഴ്ച വരേണ്ട വിധി വ്യാഴാഴ്ചയ്ക്ക് മാറ്റി വച്ചതെന്തിന്? വ്യാഴാഴ്ച വന്നതുകൊണ്ടല്ലേ താൻ നിറഞ്ഞു നിൽക്കേണ്ട വെള്ളി പത്രങ്ങൾ അമറുന്ന ചങ്ങാതിയെ ഒന്നാം പേജിൽ കയറ്റി നിർത്തി തന്നെ നോക്കി കൊഞ്ഞനം കുത്തിച്ചത്.
അമറുന്ന ചങ്ങാതിയെ വ്യാഴാഴ്ച നോക്കി വധശിക്ഷക്ക് വിധിച്ച നീതിപീഠം കമ്യൂണിസ്റ്റാണെന്ന് ഹസൻ സാഹിബ് പ്രസ്താവനയിറക്കാൻ സാധ്യതയുള്ളതിനാൽ മാധ്യമപ്രവർത്തകർ ജാഗരൂകരാകണം.
ഏതായാലും തന്റെ സമയം മോശമാണെന്ന് പരിതപിക്കുകയാണ് ചെന്നിത്തലാജി. കോടികളാണ് ചെലവിട്ടത്. മോദിയെയും കോടിയെയുമൊക്കെ പിടിച്ച് രാഹുൽജി തൊണ്ട തുറന്നിട്ടും ചാനലുകാർ കൊടുത്തത് ഏതോ രണ്ടെണ്ണം കത്തിക്കുത്തിയ ബ്രേക്ക്. അതിനു മുമ്പ് തല തിരിഞ്ഞ സുധീരൻ തന്നെ അവഗണിച്ച ബ്രേക്ക്.. കോടികളാണ് പോയത്.
എന്നിട്ടും ഒരു മൈലേജും കിട്ടിയില്ല. പെരുന്നയിലെ തമ്പുരാൻ പോലും വിളിച്ച് അഭിനന്ദിച്ചില്ല. എല്ലാവർക്കും തന്നോട് അസൂയമാണത്രേ. ഇതിനേക്കാൾ വാർത്ത കുമ്മനത്തിന്റെ യാത്രക്കായിരുന്നെന്ന് കോൺഗ്രസുകാർ തന്നെ അടക്കം പറഞ്ഞ് തുടങ്ങിയിട്ടുണ്ട്.
ഒരേ ഒരാളോടാണ് ചെന്നിത്തലാജി കടപ്പെട്ടിരിക്കുന്നത്. അത് സാക്ഷാൽ പിണറായി വിജയനോട്. കാരണം മനോരമയെ പോലെ സി പി എം തന്നെ ഉപദ്രവിച്ചില്ല. സർക്കാർ കൂടി ഏതെങ്കിലും പരിപാടി വ്യാഴാഴ്ച കൊണ്ടാടിയിരുന്നെങ്കിൽ തന്റെ കാര്യം കട്ടപ്പൊകയായേനെ.
https://www.facebook.com/Malayalivartha


























