കുവൈത്തില്‍ ഭര്‍ത്താവിനെ തടവിലാക്കി നാട്ടിലുള്ള വീട്ടമ്മയില്‍നിന്ന് എല്ലാം കവര്‍ന്ന കേസ് വഴിത്തിരിവിലേക്ക്

പേരമ്പ്രയിലും കുവൈറ്റിലുമായി അരങ്ങേറിയ കിഡ്‌നാപ്പ് നാടകം മറ്റൊരു തലത്തിലേക്ക്. കുവൈത്തില്‍ ഭര്‍ത്താവിനെ തടവിലാക്കി നാട്ടിലുള്ള വീട്ടമ്മയില്‍നിന്ന് പണവും ആഭരണങ്ങളും ആധാരവും കവര്‍ന്നെന്ന പരാതിയില്‍ യൂസഫ് കുടുങ്ങും. ഇതു സംബന്ധിച്ച് കള്ളക്കേസ് കൊടുത്തതിന് ഭാര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തേക്കും. കോഴിക്കോട് പേരാമ്പ്രക്കടുത്ത ചെമ്പ്ര ഭഗവതികണ്ടി സഫിയയാണ് (45) ഭര്‍ത്താവ് യൂസുഫിനെ കുവൈത്തില്‍ തടവിലാക്കിയതായി പെരുവണ്ണാമൂഴി പൊലീസില്‍ പരാതി നല്‍കിയത്. ഇത് വ്യാജമാണെന്നാണ് തെളിയുന്നത്.
സംഭവത്തില്‍ പണം അപഹരിച്ച കേസില്‍ യൂസുഫിന് യാത്രാവിലക്കും ജയില്‍ശിക്ഷയും ലഭിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഭാര്യയെ കൊണ്ട് പരാതി കൊടുപ്പിച്ച അതിബുദ്ധിയാണ് വനിയാകുന്നത്. ഭാര്യയ്‌ക്കെതിരെ കേരളാ പൊലീസിനും കേസെടുക്കേണ്ടി വരും. ഇതു സംബന്ധിച്ച് ഇന്ത്യന്‍ എംബിസി പൊലീസിനെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. പൊലീസിനെ തെറ്റിധരിപ്പിച്ചുവെന്നാണ് ഉയരുന്ന ആരോപണം.
കുവൈത്തില്‍ ചെറിയ വരുമാനക്കാരനായ യൂസുഫ് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഭീമമായ തുക നാട്ടിലയച്ചതിന്റെ രേഖകളും മറ്റുതെളിവുകളും യൂസഫിന് കുരുക്കാവും. നാദാപുരം സ്വദേശി മുഹമ്മദിന്റെ കടയിലെ കാഷ്യറായിരുന്ന യൂസുഫ് ആറു വര്‍ഷത്തിനിടെ പലപ്പോഴായി കവര്‍ന്ന പണം തിരിച്ചുകിട്ടുന്നതിനായി മധ്യസ്ഥശ്രമത്തിന്റെ ഭാഗമായാണ് സ്ഥലവും കെട്ടിടവും രജിസ്റ്റര്‍ ചെയ്തുകൊടുക്കാമെന്ന് വ്യവസ്ഥയുണ്ടാക്കിയതെന്നാണ് അറിയുന്നത്. ഇതിനെ ക്വട്ടേഷന്‍ തട്ടിക്കൊണ്ട് പോകലായി ഭാര്യ അവതരിപ്പിക്കുകയായിരുന്നു.
തന്നെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്നും താന്‍ മുഹമ്മദിന്റെ കടയില്‍നിന്ന് ശമ്പളം കൂടാതെ 63,47,180 രൂപ എടുത്തതായും യൂസുഫ് എഴുതി ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. 140 ദീനാര്‍ ശമ്പളമുള്ള യൂസുഫിന് ഇത്രയും തുക നാട്ടിലയക്കാന്‍ ഒരിക്കലും കഴിയില്ല. ഇദ്ദേഹം കുറ്റസമ്മതം നടത്തുന്നതിന്റെ വിഡിയോ, ഓഡിയോ റെക്കോര്‍ഡുകളും എക്‌സ്‌ചേഞ്ച് മുഖാന്തരം പണമയച്ചതിന്റെ രേഖകളുമുണ്ട്. തനിക്ക് ഇക്കാലമത്രയും ശമ്പളം കൃത്യമായി ലഭിച്ചിട്ടുണ്ടെന്നും തന്നെയാരും തടഞ്ഞുവെച്ചിട്ടില്ലെന്നും യൂസുഫ് രേഖാമൂലം സമ്മതിച്ചിട്ടുണ്ട്.
ഇത് ഇയാള്‍ എംബസിയിലും സമ്മതിച്ചിട്ടുണ്ട്. ഇതനുസരിച്ച് എംബസി ഭാര്യ സഫിയക്കും മുഖ്യമന്ത്രിക്കും മറുപടി അയച്ചു. യൂസുഫിനെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാന്‍ ഒരു തെളിവും ഇയാളുടെ പക്കല്‍ ഇല്ലെന്നും പണം അപഹരിച്ച കാര്യവും എംബസിയുടെ മറുപടിയില്‍ പറയുന്നുണ്ട്. തന്നെ അപമാനിക്കരുതെന്ന യൂസുഫിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് നഷ്ടപ്പെട്ട തുകക്ക് പകരമായി സ്ഥലം എഴുതി നല്‍കാമെന്ന വ്യവസ്ഥയില്‍ മുഹമ്മദ് ഇതുവരെ കേസ് നല്‍കാതിരുന്നത്.
നാട്ടില്‍ കേസ് കൊടുക്കുകയും തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് മുഹമ്മദ് തെളിവുകള്‍ സഹിതം കുവൈത്തിലെ ശര്‍ഖ് പൊലീസ് സ്‌റ്റേഷനില്‍ കേസ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























