എ.കെ ആന്റണിയുടെ എതിര്‍പ്പ് മറികടന്നാണ് കരുണാകരനെതിരെ പടനയിച്ചത്, ഹൈക്കമാന്‍ഡ് കരുണാകരനോട് രാജി ആവശ്യപ്പെടുമെന്ന് കരുതിയില്ല

ഐ.എസ്. ആര്‍.ഒ ചാരക്കേസില്‍ കെ. കരുണാകരനെതിരെ നീങ്ങിയതില്‍ ദു:ഖമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. ഇന്ദിരാഭവനില്‍ കെ.കരുണാകരന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ താഴെയിറക്കാന്‍ പടയോട്ടം നടത്തിയതില്‍ ദു:ഖമുണ്ട്. കരുണാകരന്റെ സേവനം പാര്‍ട്ടിക്കും സര്‍ക്കാരിനും ആവശ്യമുണ്ടെന്ന് എ.കെ ആന്റണി അന്ന് ഉമ്മന്‍ചാണ്ടി അടക്കമുള്ളവരോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ എതിര്‍പ്പ് മറികടന്നാണ് കരുണാകരനെതിരെ തിരിഞ്ഞത്. പ്രതിഷേധം നടത്തിയാല്‍ കരുണാകരനോട് രാജിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് പറയുമെന്ന് വിശ്വാസമില്ലായിരുന്നെന്നും ഹസന്‍ ഓര്‍ത്തു. നരസിംഹറാവുവായിരുന്നു അന്ന് കോണ്‍ഗ്രസ് പ്രസിഡന്റ്. തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കിയവര്‍ ഭാവിയില്‍ ദു:ഖിക്കേണ്ടി വരുമെന്ന് കരുണാകരന്‍ അന്ന് പറഞ്ഞിരുന്നു. അത് അന്വര്‍ത്ഥമാക്കുന്നതാണ് ഹസന്റെ കുറ്റസമ്മതം.
ചാരക്കേസില്‍ ആത്യന്തികമായ നഷ്ടം കെ.കരുണാകരന് മാത്രമാണെന്ന് മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും കരുണാകരന്റെ അടുപ്പക്കാരനുമായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കരുണാകരനെ തെറിപ്പിക്കാന്‍ ചാരക്കേസ് ഉപയോഗിക്കുകയായിരുന്നു. രാജിക്ക് സമ്മര്‍ദ്ദം ചെലുത്തരുതെന്ന് എ.കെ ആന്റണി ആവശ്യപ്പെട്ടിട്ടും കേട്ടില്ല. ചെയ്യേണ്ട കാര്യങ്ങള്‍ സമയത്ത് ചെയ്യാതെ ഇപ്പോള്‍ പരിതപിച്ചിട്ട് കാര്യമില്ല. ഇപ്പോള്‍ കുറ്റബോധം ഉണ്ടെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഇത് കേരളത്തില്‍ ഒരു കോളിളക്കവും സൃഷ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പലരും കുറ്റസമ്മതം നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ പറഞ്ഞു.
മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കൂട്ട് പിടിച്ചാണ് അന്ന് പാര്‍ട്ടിയിലെ ചിലര്‍ കരുണാകരനെതിരെ തിരിഞ്ഞതെന്ന് ജോസഫ് വാഴയ്ക്കന്‍ ആരോപിച്ചു. പാര്‍ട്ടിയില്‍ അന്ന് ശക്തമായി വിഭാഗീയത നിലനിന്നിരുന്നു. കരുണാകരന്‍ അതിനിരയാവുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പുകാരാണ് അന്ന് കരുണാകരനെ രാജിവയ്പ്പിക്കാന്‍ പടയോട്ടം നടത്തിയത്.
എന്താണ് ചാരക്കേസ്?
1994-95 കാലത്ത് കോണ്‍ഗ്രസില്‍ കരുണാകരനായിരുന്നു ശക്തന്‍. ആന്റണിയുടെ എ ഗ്രൂപ്പിലെ എം.എ കുട്ടപ്പന് കിട്ടേണ്ട രാജ്യസഭാ സീറ്റ് കരുണാകരന്‍ അട്ടിമറിച്ചു. തുടര്‍ന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി രാജിവെച്ചു. 1992 ജൂണ്‍ 16നായിരുന്നു അത്. 1994 ഒക്ടോബര്‍ എട്ടിന് മാലിക്കാരി മറിയം റഷീദ ഇന്ത്യയില്‍ തങ്ങുന്നതിനുള്ള സമയം നീട്ടിക്കിട്ടാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലെ ഫോറിനേഴ്‌സ് വിഭാഗത്തില്‍ ചെന്നു. ഐ.എസ്.ആര്‍.ഒ.യിലെ ക്രയോജനിക് പദ്ധതി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഡി. ശശികുമാറിനെ മറിയം റഷീദ് ഫോണ്‍വിളിച്ചതിന് ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസിലെ ഒരു ഇന്‍സ്‌പെക്ടര്‍ മറിയം റഷീദയെ ചാരക്കേസില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്ന് ക്രയോജനിക് സിസ്റ്റംസ് പ്രോജക്ട് ഡയറക്ടര്‍ എസ്. നമ്പി നാരായണനും അറസ്റ്റിലായി. ഇതോടെയാണ് ചാരക്കേസ് വിവാദമായത്. എ ഗ്രൂപ്പിലെ ഉമ്മന്‍ചാണ്ടിയും സംഘവും കരുണാകരനെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് താഴെയിറക്കാന്‍ ഈ കേസ് ആയുധമാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























