2004ല്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് ആന്റണിയെ രാജിവപ്പിച്ചതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ചില കളികള്‍ നടത്തിയിരുന്നു

ചാരക്കേസില്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തെറ്റ്പറ്റിയെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ വെളിപ്പെടുത്തിയതിന് പിന്നില്‍ എ.കെ ആന്റണിയുടെ ചാണക്യതന്ത്രമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് ഉമ്മന്‍ചാണ്ടിയെ പരിഗണിക്കുന്നുണ്ട്. ഇത് വെട്ടാന്‍ ആന്റണി ഇറക്കിയ തുറുപ്പ് ചീട്ടാണ് ഹസന്റെ പ്രസ്താവനയെന്ന് എ ഗ്രൂപ്പിലെ ചിലര്‍ ആരോപിക്കുന്നു. 2004ല്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് ആന്റണിയെ രാജിവപ്പിച്ചതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും പരോക്ഷമായി ചില കളികള്‍ നടത്തിയിരുന്നു. ന്യൂനപക്ഷ വിരുദ്ധപ്രസ്താവനയുടെ പേരില്‍ ആന്റണിക്കെതിരെ ക്രിസ്തവസഭകള്‍ തിരിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും പ്രതിരോധം തീര്‍ത്തിരുന്നില്ല. അന്ന് തന്നെ ഇറക്കിവിട്ടതിന്റെ പക ആന്റണിക്കുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
സോളാര്‍ കേസിലൂടെ ഉമ്മന്‍ചാണ്ടിയെ തകര്‍ക്കാന്‍ സി.പി.എം നടത്തിയ ശ്രമം പാഴാകുമെന്ന് ഉറപ്പായി. കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച സംഘം ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതിനാല്‍ താമസിക്കാതെ കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയുടെ പടയോട്ടം താമസിക്കാതെ ഉണ്ടാകുമെന്ന് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലയേറ്റ ശേഷം ഹൈക്കമാന്‍ഡില്‍ ആന്റണിക്കുള്ള സ്വാധീനം വര്‍ദ്ധിച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധിയുടെ നിലപാടുകളോട് യോജിപ്പില്ലാത്ത ഉമ്മന്‍ചാണ്ടിയെ തളയ്ക്കാന്‍ ആന്റണിക്ക് എളുപ്പമാണ്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ആന്റണി മടങ്ങിവരില്ലെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോടും ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പ്രവര്‍ത്തന ശൈലിയോടും അദ്ദേഹത്തിന് യോജിപ്പില്ല.
കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെ തളയ്ക്കാന്‍ ആന്റണി ഹൈക്കമാന്‍ഡിനെ കൂട്ടുപിടിച്ച് ആവുന്നത്ര ശ്രമിച്ചതാണ്. ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരായ പലര്‍ക്കും സീറ്റ് നല്‍കില്ലെന്ന് ഹൈക്കമാന്‍ഡ് അന്ന് തീരുമാനം എടുത്തിരുന്നു. തന്റെ ഗ്രൂപ്പുകാരന്‍ പോലുമല്ലാത്ത അടൂര്‍ പ്രകാശിന് സീറ്റ് നിഷേധിച്ചതിനെതിരെ ഉമ്മന്‍ചാണ്ടി ശക്തമായി രംഗത്തെത്തി. അവസാനം ആന്ധ്രയില്‍ കോണ്‍ഗ്രസ് വിട്ട് ജഗ് മോഹന്‍ റെഡ്ഡി പാര്‍ട്ടി രൂപീകരിച്ചപോലെ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്നും ഘടകക്ഷികളെയെല്ലാം കൂടെ കൊണ്ടുപോകുമെന്നും ഉമ്മന്‍ചാണ്ടി ഭീഷണിമുഴക്കിയതോടെ ആന്റണിയും രാഹുലും വാലുംചുരുട്ടി മടങ്ങുകയായിരുന്നു. പേരിന് വേണ്ടി ബെന്നിബഹാനെ ഒഴിവാക്കുകയും ചെയ്തു.
പ്രതിപക്ഷനേതാവ് എന്നനിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണ്. പല കാര്യങ്ങളില്‍ സര്‍ക്കാരിനെതിരെ ഫലപ്രദമായ രീതിയില്‍ അദ്ദേഹം ഇടപെടുന്നില്ലെന്ന് കെ.മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ പരസ്യമായി പ്രസ്താവിച്ചിരുന്നു. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവുകള്‍ പുറത്ത് വിടണമെന്ന് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടെന്ന് സരിത വെളിപ്പെടുത്തിയതും പാര്‍ട്ടിയിലും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























