ഉമ്മന്‍ചാണ്ടിയും വി.എസും മുഖ്യമന്ത്രിമാരായിരുന്നപ്പോഴും ചെന്നിത്തലയുടെ ഓപ്പറേഷന്‍ കുബേരയ്ക്കും പരാതി നല്‍കിയെങ്കിലും നീതി നടപ്പായില്ല

മൂന്ന് ലക്ഷം രൂപ പലിശയ്ക്ക് നല്‍കിയ ശേഷം ഈടായി വാങ്ങിയ ഒരേക്കര്‍ 68 സെന്റ് വസ്തു കോണ്‍ഗ്രസ് നേതാവ് വക്കംപുരുഷോത്തമന്റെ മകന്‍ ബിനു കൈവശപ്പെടുത്തിയതായി പരാതി. ഭൂമിയും വരുമാനവും നഷ്ടപ്പെട്ടതോടെ അരുവിക്കര തെരുവരമ്പില്‍ പുത്തന്‍വീട്ടില്‍ എം. ശശികുമാരന്‍ നായരുടെ ജീവിതം ദുരിതത്തിലായി. ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയി. ഹൃദ്രോഗിയായ ശശികുമാര്‍ നിത്യച്ചെലവിന് തന്നെ പ്രയാസപ്പെടുകയാണ്. സംഭവത്തെ കുറിച്ച് വി.എസ് അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ഓപ്പറേഷന്‍ കുബേരയിലൂടെയും പരാതി നല്‍കി. യാതൊരു ഫലവും ഉണ്ടായില്ല. ഭൂമിയുടെ പ്രമാണം തിരികെ കിട്ടാന്‍ എട്ട് വര്‍ഷമായി കോടതി കയറിയിറങ്ങുകയാണ് ശശുകുമാരന്‍ നായര്‍. സംഭവത്തെ കുറിച്ച് ശശികുമാരന്‍ നായര്‍ തന്നെ പറയട്ടെ....
കരാറിലെ ചതി
2003ല്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോഴാണ് രാജശേഖരന്‍ എന്ന ബ്രോക്കര്‍ വഴി വക്കംപുരുഷോത്തമന്റെ മകന്‍ ബിനു പുരുഷോത്തമനെ പരിചയപ്പെട്ടത്. 100 രൂപയ്ക്ക് നാല് രൂപ പലിശ നിരക്കില്‍ മൂന്ന് ലക്ഷം രൂപ നല്‍കാമെന്ന് ബിനു പറഞ്ഞു. പകരമായി എന്റെ 50 സെന്റിലെ റബ്ബറിന്റെയും തെങ്ങിന്റെയും ആദായം നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ കരാര്‍ എഴുതിക്കൊണ്ട് വന്നപ്പോള്‍ ഒരേക്കര്‍ 68 സെന്റ് എഴുതി. ഇത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. അരുവിക്കരയില്‍ വസ്തുവിന് വിലക്കുറവായതിനാല്‍ ഇത്രയും ഭൂമി വേണമെന്ന് ബിനു വാശിപിടിച്ചു. കടംകൊടുക്കാന്‍ പണം അത്യാവശ്യമായതിനാല്‍ അയാളുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നു. ഒരു വര്‍ഷത്തിനകം പലിശയും മുതലും തിരികെ നല്‍കാമെന്നായിരുന്നു വ്യവസ്ഥ. .
മുതലും പലിശയും നല്‍കാന്‍ തയ്യാറായിട്ടും പ്രമാണം തിരികെ തരുന്നില്ല
ഒരു വര്‍ഷവും 14 മാസവും കഴിഞ്ഞ് മൊതലും പലിശയുമായി ചെന്നപ്പോള്‍ ബിനു വാങ്ങിയില്ല. വസ്തു താന്‍ വിലക്ക് വാങ്ങിയതാണെന്ന് ബിനു പറഞ്ഞു. കരാര്‍ അങ്ങനെയല്ലെന്ന് പറഞ്ഞെങ്കിലും അയാള്‍ വഴങ്ങിയില്ല. ഇതോടെ വസ്തുവില്‍ ആദായം എടുക്കാനെത്തിയവരെ ശശികുമാരന്‍ നായര്‍ വിലക്കി. ഇതോടെ തന്റെ വസ്തുവിലെ റബ്ബര്‍ ഷീറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് ബിനു പൊലീസില്‍ പരാതി നല്‍കി. എസ്.ഐയോട് ശശികുമാരന്‍ നായര്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. രേഖകള്‍ തിരികെ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ടു. 10 ദിവസത്തിനകം തരാമെന്ന് ബിനു സമ്മതിച്ചു. അത് എഴുതിത്തരണമെന്ന് ശശികുമാരന്‍ നായര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് വഴങ്ങിയില്ല. നിര്‍മാതാവും ബി.ജെ.പി പ്രവര്‍ത്തകനുമായ ജി. സുരേഷ്‌കുമാര്‍ ഇടപെട്ടാണ് ഇത്രയെങ്കിലും നടന്നത്. 10 ദിവസം കഴിഞ്ഞ് പൊലീസ് വിളിപ്പിച്ചപ്പോള്‍ മൂന്ന് ദിവസം കഴിഞ്ഞ് തരാമെന്ന് പറഞ്ഞു. പിന്നീട് വിളിച്ചപ്പോള്‍ ഫോണെടുത്തില്ല. കോടതിയെ സമീപിക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു.
കാര്‍ത്തികേയനും പാലോട് രവിയും ഇടപെട്ടിട്ടും ബിനു വഴങ്ങിയില്ല
ബി.ജെ.പി പ്രവര്‍ത്തകനായ ശശികുമാരന്‍ നായര്‍ ജില്ലാ പ്രസിഡന്റായിരുന്ന കരമന ജയനോടും മറ്റും കാര്യങ്ങള്‍ സംസാരിച്ചു. അങ്ങനെ ട്രിവാന്‍ഡ്രം ക്ലബില്‍ വച്ച് ഉണ്ടാക്കിയ ധാരണപ്രകാരം പലിശ സഹിതം നാല് ലക്ഷത്തി 65000 രൂപ നല്‍കാമെന്ന് ശശികുമാര്‍ നായര്‍ സമ്മതിച്ചു. ഇതിനായി 50000 രൂപയുടെ വില്‍പത്രവും തയ്യാറാക്കി ശശികുമാരന്‍ നായര്‍ കാത്തിരുന്നെങ്കിലും ബിനു വഴങ്ങിയില്ല. അരുവിക്കര എം.എല്‍.എ ആയിരുന്ന ജി.കാര്‍ത്തികേയനെയും പാലോട് രവിയെയും കണ്ട് കാര്യങ്ങള്‍ സംസാരിച്ചു. അപ്പോഴൊക്കെ ആധാരം മടക്കിത്തരാമെന്ന് പറഞ്ഞെങ്കിലും വാക്ക് പാലിച്ചില്ല. 2009ല്‍ ബിനു ശശികുമാറിനെതിരെ നെടുമങ്ങാട് കോടതിയില്‍ സിവില്‍ കേസ് കൊടുക്കുകയും ചെയ്തു. ഇതിനെതിരെ ശശികുമാരന്‍ നായര്‍ പരാതി ഫയല്‍ ചെയ്തു. ഭാര്യയും മക്കളും ഉപേക്ഷിച്ചതിന് പിന്നാലെ ശശികുമാരന്‍ നായര്‍ ഹൃദ്‌രോഗിയായി. ചികില്‍സയ്ക്ക് പോലും പണമില്ലാതെ പ്രയാസപ്പെടുകയാണ്. ബി.ജെ.പി അരുവിക്കര മണ്ഡലം കമ്മിറ്റി വക്കംപുരുഷോത്തമന്റെ മകന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























