പച്ചക്കറികടയിൽ കയറി ഗുണ്ടായിസം; രണ്ടു പ്രതികള്‍ പിടിയില്‍

കഴക്കൂട്ടം ഗുണ്ടാ ആക്രമണകേസിലെ രണ്ടു പ്രതികള്‍ പിടിയില്‍. ബുധനാഴ്ച പച്ചക്കറിക്കടയില്‍ കയറി മൂന്നുപേരെ വെട്ടിയ കേസില്‍ കഴക്കൂട്ടം സ്വദേശികളായ ലാല്‍, അനീഷ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ കഴക്കൂട്ടം പൊലീസ് സ്റ്റേഷന് സമീപം ദേശീയപാതയോരത്തുള്ള പച്ചക്കറിക്കടയിലായിരുന്നു ഗുണ്ടാ ആക്രമണം നടന്നത്. കടയുടമ സെയ്ദ്, ജീവനക്കാരായ ഹമീദ്, മണിയന്‍ എന്നിവരെ രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് ആക്രമിച്ചത്. ഇതില്‍ രണ്ടുപേരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റു ചെയ്തത്.
തൃപ്പാദപുരം സ്വദേശി അനീഷാണ് വെട്ടിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് കണ്ടെത്തിയിരുന്നു. അനീഷിന് പുറമെ മുള്ളുവിള സ്വദേശി ലാലും പൊലീസ് പിടിയിലായി. ഇരുവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. പച്ചക്കറി നല്കാന്‍ വൈകിയതിനേത്തുടര്‍ന്ന് പ്രകോപിതരായ ഗുണ്ടാസംഘം ആക്രമിക്കുകയായിരുന്നുവെന്നായിരുന്നു പ്രാഥമിക വിവരം.
എന്നാല്‍ മുന്‍വൈരാഗ്യത്തിന്റെ പേരിലായിരുന്നോ ആക്രമണമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. തലയ്ക്ക് വെട്ടേറ്റ ക്യാന്‍സര്‍ രോഗികൂടിയായ മണിയന്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കേസില്‍ രണ്ടുപ്രതികളെ കൂടി പിടികൂടാനുണ്ട്.
https://www.facebook.com/Malayalivartha



























