മരിച്ച് ഏഴ് വർഷം തികയുമ്പോൾ കരുണാകരനെ വീഴ്ത്തിയവർ അദ്ദേഹത്തെയോർത്ത് ദു:ഖിക്കുന്നു; കാലം പോയ പോക്കേ....

കെ.കരുണാകരൻ മരിച്ച് ഏഴ് വർഷം തികയുമ്പോൾ എം എം ഹസൻ ഉൾപ്പെടെ കരുണാകരനെ വീഴ്ത്തിയ എല്ലാവരും കരുണാകരനെ ഓർത്ത് മോങ്ങുന്നു. കോൺഗ്രസ് നേതാക്കളുടെ കള്ളക്കണ്ണീർ കണ്ട് കേരളം ശരിക്കും പൊട്ടി ചിരിക്കുകയാണ്. ചാരക്കേസിന്റെ സമയത്ത് കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവയ്പിച്ചതിനെ എ.കെ ആന്റണി എതിർത്തതായും ഹസൻ പറഞ്ഞു. ഇതിനെയാണ് കാലം സത്യം തെളിയിക്കും എന്നു പറയുന്നത്.
ചാരക്കേസാണ് യഥാർത്ഥത്തിൽ കരുണാകരന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചത്. കോൺഗ്രസിലെ ഐ ഗ്രൂപ്പിൽ നിന്നും ഭരണം പിടിച്ചെടുക്കാൻ എ ഗ്രൂപ്പ് ഉപയോഗിച്ചത് ചാരക്കേസാണെന്ന് മുൻ ഡിജിപി സിബി മാത്യൂസ് അദ്ദേഹത്തിന്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ കരുണാകരനെ മാറ്റാൻ ഡൽഹിയിലെത്തി സമ്മർദ്ദം ചെലുത്തിയതായും അദ്ദേഹത്തിന്റെ പുസ്തകത്തിലുണ്ട്.
അന്നു മുതൽ ഇന്നുവരെ കോൺഗ്രസിൽ അധികാരം എ ഗ്രൂപ്പിനാണെന്നും സിബി മാത്യൂസ് പറയുന്നു. നിർഭയം എന്ന ആത്മകഥ മനസിരുത്തി വായിച്ചാൽ കരുണാകരനെ മനപൂർവം അകത്താക്കിയതാണെന്ന് മനസിലാകും. ചാരക്കേസ് നടന്നോ ഇല്ലെയോ എന്ന് സിബി മാത്യൂസ് പുസ്തകത്തിൽ തീർത്ത് പറഞ്ഞിട്ടില്ല. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്ന് സിബി മാത്യൂസ് പറഞ്ഞു. രമൺ ശ്രീവാസ്തവയെ താൻ കേസിൽ കുടുക്കിയെന്ന ആരോപണത്തിന്റെ പേരിൽ തന്നെ സേനയിൽ നിന്നും ഒറ്റപ്പെടുത്തിയെന്ന് സിബി മാത്യൂസ് പറഞ്ഞു.
അതേ സമയം നമ്പി നാരായണനെ അറിയില്ലെന്ന് ചാരക്കേസിൽ ശിക്ഷിക്കപ്പെട്ട ഫൗസിയ ഹസൻ വെളിപ്പെടുത്തി. ഇന്റിലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും കേരള പോലീസും ചേർന്ന് ഭീഷണിപ്പെടുത്തിയാണ് നമ്പി നാരായണന്റെ പേര് പറയിച്ചതെന്നും ഫൗസിയ ഹസൻ പറഞ്ഞു.
ചാരക്കേസിൽ ശിക്ഷ അനുഭവിച്ചത് നമ്പി നാരായണനല്ല കെ.കരുണാകരനാണ്. കരുണാകരന്റെ മുഖ്യമന്ത്രി പദം തെറിപ്പിച്ചത് ചാരക്കേസാണ്. കെ. മുരളീധരൻ ഉൾപ്പെടെയുള്ളവർക്ക് ഇക്കാര്യം അറിയാം. എന്നാൽ രാഷ്ട്രീയ ഭിക്ഷാംദേഹിയായ മുരളിധരൻ ആർക്കെതിരെയും ഒന്നും പറയില്ല. കരുണാകരനെ വീഴ്താൻ നരസിംഹറാവു ഉൾപ്പെടെയുള്ളവർ ചാരക്കേസ് മെനഞ്ഞു എന്നു വിശ്വസിക്കുന്ന നേതാക്കൾ കേരളത്തിൽ നിരവധിയുണ്ട്. അവർ ഇക്കാര്യം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ചു. അന്നന്നത്തെ മാമുനിമാരെ വാഴ്ത്തുന്ന കാലമാണിത്. ഒരാൾ മരിച്ചു കഴിഞ്ഞാൽ അവരെ വാഴ്ത്തും. കരുണാകരനെ വീഴ്ത്തിയതിന്റെ ഫലമാണ് ഉമ്മൻ ചാണ്ടി അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha



























