മലബാര്‍ പ്രവാസികള്‍ക്ക് ആശ്വാസമാകാന്‍ കണ്ണൂര്‍ വിമാനത്താവളം

2018 സെപ്റ്റംബറില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ലക്ഷ്യമിടുന്ന കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണപ്പറക്കല്‍ അടുത്തമാസം നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വിമാനത്താവളത്തിന്റെ എയര്‍ െസെഡ്, സിറ്റി െസെഡ് എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
അടുത്ത വര്‍ഷം സെപ്റ്റംബറോടെ വിമാനത്താവളം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ കഴിയുമെന്നും ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്ത കുറിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നതോടെ വര്‍ഷത്തില്‍ 15 ലക്ഷത്തോളം യാത്രക്കാര്‍ക്കു സേവനം ലഭ്യമാക്കാന്‍ കഴിയുമെന്നാണു കരുതുന്നത്.
ഒരേസമയം 20 വിമാനങ്ങള്‍വരെ പാര്‍ക്കു ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് വിമാനത്താവളത്തിന്റെ ഏപ്രണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. റണ്‍വേയുടെ നിര്‍മാണം 3050 മീറ്റര്‍ നീളത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കോഡ് ഇ- ഗണത്തില്‍പ്പെടുന്ന ബോയിങ് ബി- 777, എയര്‍ബസ് എ- 330 തുടങ്ങിയ വിമാനങ്ങള്‍ക്ക് ഉതകുന്നതാണ് നിലവിലെ റണ്‍വേയുടെ രൂപകല്‍പ്പന. ഭാവിയില്‍ ഇതു എയര്‍ബസ് എ-380 പോലുള്ള കോഡ് എഫ് ഗണത്തില്‍പ്പെടുന്ന വിമാനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























