ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

കേരളത്തിൽ കത്തോലിക്കാസഭയിലെ പരിഷ്കരണവാദിയും സഭയിലെ പുരോഹിതനേതൃത്വത്തിന്റെ തീവ്രവിമർശകനുമായ ജോസഫ് പുലിക്കുന്നേൽ(85) അന്തരിച്ചു. കോട്ടയം ഭരണങ്ങാനത്തെ വസതിയിൽ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. നാളെ രാവിലെ 11ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
കത്തോലിക്കാ സഭയിലെ നവീകരണത്തെ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു മുമ്പ് അദ്ധ്യാപനവും രാഷ്ട്രീയവും അദ്ദേഹത്തിന്റെ പ്രവർത്തനമേഖലകളായിരുന്നിട്ടുണ്ട്. കോഴിക്കോട് ദേവഗിരി കോളജിൽ അദ്ധ്യാപകനായിരുന്നു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായും കെ.പി.സി.സി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കേരളാ സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിൽ (കെ.പി.സി.സി.) അംഗമായിരുന്നിട്ടുള്ള പുലിക്കുന്നേൽ, കോൺഗ്രസ് കക്ഷിയിൽ നിന്നു വിഘടിച്ചുപോയവർ ചേർന്ന് 1964-ൽ രൂപം കൊടുത്ത കേരളാ കോൺഗ്രസ്സിന്റെ സ്ഥാപകനേതാക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം.
പതിനാറാം നൂറ്റാണ്ടിൽ പോർത്തുഗീസുകാരുടെ ആഗമനത്തോടെ തുടങ്ങിയ വിദേശമേൽക്കോയ്മയ്ക്കു മുൻപ് നിലവിലിരുന്ന ഭരണവ്യവസ്ഥയിൽ കേരളക്രിസ്ത്യാനികളുടെ ഓരോ പള്ളിയും സ്വതന്ത്രമായിരുന്നെന്നും, പള്ളിയുടെ സമ്പത്തും ഭരണവും, അതിലെ പ്രായപൂർത്തിയായ എല്ലാ അംഗങ്ങളും ചേർന്ന പള്ളിയോഗത്തിൽ നിക്ഷിപ്തമായിരുന്നെന്നും പോർത്തുഗീസ് മേൽക്കോയ്മക്കു കീഴിൽ നടപ്പായ പാശ്ചാത്യമാതൃകയിലുള്ള സഭാഘടനയാണ് ഇതിന് അന്ത്യം കുറിച്ചതെതെന്നും പുലിക്കുന്നേൽ ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തിലെ കത്തോലിക്കാസഭയുടെ പാശ്ചാത്യസഭാമാതൃകയിലുള്ള അധികാരഘടനയുടെ തലപ്പത്തിരിക്കുന്ന പുരോഹിതനേതൃത്വത്തിന് റോമിലെ മാർപ്പാപ്പയോടല്ലാതെ സാധാരണവിശ്വാസികളോടോ ദേശീയമായ നിയമവ്യവസ്ഥകളോടോ ഉത്തരവാദിത്തമോ വിധേയത്വമോ ഇല്ലെന്നും, രാഷ്ട്രീയ കൊളോണിയലിസത്തിന്റെ തിരോധാനത്തിനു ശേഷവും തുടരുന്ന മത-സാമ്പത്തിക കൊളോണിയലിസത്തിന്റെ ഭാഗമാണതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
സഭയുടെ സേവനസംരംഭങ്ങളുടെ നടത്തിപ്പിലുള്ള ക്രമക്കേടുകളേയും അഴിമതിയേയും, പൗരോഹിത്യത്തിന്റെ ആഡംബരഭ്രമത്തേയും വിമർശിക്കുന്ന അദ്ദേഹം, മാമ്മോദീസാക്കു പോലും വിലപേശുന്ന പുരോഹിതസംസ്കാരം വളരുമ്പോൾ, ശുഷ്കമായ ആചാരങ്ങൾ കൊണ്ട് ബുദ്ധിയുള്ള വിശ്വാസികളെ സഭയിൽ നിലനിർത്താമെന്നു പുരോഹിതർ ചിന്തിക്കുന്നതായും കുറ്റപ്പെടുത്തിയിരുന്നു.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1975ല്‍ ആരംഭിച്ച ‘ഓശാന’ മാസിക സഭാവിമര്‍ശനത്തിലൂന്നി പ്രവര്‍ത്തിച്ചു. കാവാലം മുണ്ടകപ്പള്ളിയില്‍ പരേതയായ കൊച്ചുറാണിയാണ് ഭാര്യ. മക്കള്‍: റഷീമ, റീനിമ, പരേതയായ രാഗിമ, രാജു, രതിമ
https://www.facebook.com/Malayalivartha



























