ഫോണ്‍ കെണി വിവാദം: എ.കെ. ശശീന്ദ്രനെതിരെ ചാനല്‍ പ്രവര്‍ത്തക നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാര്‍ച്ച് 17ലേക്ക് മാറ്റി

ഫോണ്‍ കെണി വിവാദത്തില്‍ മുന്‍മന്ത്രിയായ എ.കെ. ശശീന്ദ്രനെതിരെ ചാനല്‍ പ്രവര്‍ത്തക നല്‍കിയ ഹരജി പരിഗണിക്കുന്നത് കോടതി മാര്‍ച്ച് 17ലേക്ക് മാറ്റി. ചാനല്‍ പ്രവര്‍ത്തക കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഔദ്യോഗികമായി പിന്‍വലിച്ചതോടെയാണ് കേസ് നടപടികളുമായി മുന്നോട്ടുപോകാന്‍ കോടതി തീരുമാനിച്ചത്. ചാനല്‍ പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരായ നിയമപ്രകാരം കേസെടുത്തിരുന്നു.
പരമാവധി മൂന്നുവര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയത് . തുടര്‍ന്ന് ശശീന്ദ്രന്‍ നേരിട്ട് ഹാജരാകാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു. പരാതിക്കാരി ഉള്‍പ്പെടെ മൂന്ന് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. ഔദ്യോഗിക വസതിയില്‍ അഭിമുഖത്തിനെത്തിയ ചാനല്‍ പ്രവര്‍ത്തകയോട് മുന്‍ മന്ത്രി അപമര്യാദയായി പെരുമാറിയെന്നാണ് മൂന്നുപേരും മൊഴി നല്‍കിയത്. ഇരുവരുടെയും ഫോണ്‍ സംഭാഷണം ചാനല്‍ സംപ്രേഷണം ചെയ്തതോടെയാണ് വിഷയം വിവാദമായത്.
ഫോണ്‍ വിളി വിവാദമായതിനെതുടര്‍ന്ന് മാര്‍ച്ച് 26ന് എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചു. ചാനല്‍ പ്രവര്‍ത്തക പരാതി പിന്‍വലിക്കാന്‍ തീരുമാനിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ മുന്‍ ജില്ല ജഡ്ജി ആന്റണി കമീഷന്‍ ശശീന്ദ്രന് ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്തതോടെ മന്ത്രിസഭയിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു ശശീന്ദ്രനും എന്‍.സി.പിയും. എന്നാല്‍, ഇപ്പോള്‍ പരാതി പിന്‍വലിക്കില്ലെന്ന നിലപാട് ചാനല്‍ പ്രവര്‍ത്തക സ്വീകരിച്ചതോടെ ശശീന്ദ്രന്റെ മന്ത്രിസഭ പുനഃപ്രവേശനവും അവതാളത്തിലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















