മോദിയുടെ മണ്ഡലത്തിലുള്ള സ്റ്റേഷനെയും കടത്തിവെട്ടി കോഴിക്കോട് മുന്നിൽ

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തില്‍ 2007 മുതല്‍ തുടര്‍ച്ചയായി പന്ത്രണ്ടാം തവണകോഴിക്കോട് ജില്ല കിരീടം ചൂടി കലോത്സവ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ്. ഇനി ഈ റെക്കോർഡ് മാത്രമല്ല കോഴിക്കോടിന് സ്വന്തം. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്‌റ്റേഷനുകളില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനാണു ഒന്നാം സ്ഥാനത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലുള്ള വരാണസി റെയില്‍വേ സ്‌റ്റേഷനെ പിന്തള്ളിയാണ് കോഴിക്കോട് ഒന്നാം സ്ഥാനം നേടിയത്.
രാജ്യത്തെ റയില്‍വേ സ്‌റ്റേഷനുകളില്‍ നടത്തിയ ശുചിത്വ സര്‍വ്വേയിലാണ് കോഴിക്കോട് ഒന്നാം സ്ഥാനം നേടിയത്. ട്രാവല്‍ ആപ്പായ ഇക്‌സിഗോ നടത്തിയ ഓണ്‍ലൈന്‍ സര്‍വെയിലാണ് കോഴിക്കോടിനെ ഏറ്റവും വൃത്തിയുള്ള സ്‌റ്റേഷനായി യാത്രക്കാര്‍ തെരഞ്ഞെടുത്തത്. ദില്ലിയിലെ ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വേ സേറ്റഷനാണ് വൃത്തിയുടെ കാര്യത്തില്‍ ഏറ്റവും പിന്നിൽ. കോഴിക്കോടിന് പുറമെ കര്‍ണാടകത്തിലെ ഹുബ്ലി ജംഗ്ഷന്‍, ദേവനഗരി, ഝാര്‍ഖണ്ഡിലെ ധന്‍ബാദ്, മധ്യപ്രദേശിലെ ജബല്‍പൂര്‍, ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജംഗ്ഷന്‍, ഗുജറാത്തിലെ വഡോദര, രാജ്‌കോട്ട് റെയില്‍വേ സ്‌റ്റേഷനുകള്‍, രാജസ്ഥാനിലെ ഫാല്‍ന, ആന്ധ്രയിലെ വിജയവാഡ എന്നീ സ്‌റ്റേഷനുകളും പട്ടികയില്‍ ഇടം പിടിച്ചു.
സര്‍വ്വേയില്‍ വൃത്തിയുള്ള റെയില്‍വേ സ്‌റ്റേഷനുകളില്‍ 40 ശതമാനവും ദക്ഷിണേന്ത്യയിലാണ്. 20 ശതമാനം സെന്‍ട്രല്‍ റെയില്‍വേയിലും 20 ശതമാനം പടിഞ്ഞാറന്‍ റെയില്‍വേയിലുമാണ്. ട്രാവല്‍ ആപ്പായ ഇക്‌സിഗോയുടെ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കിട്ടത് കോഴിക്കോടിനാണ്.
https://www.facebook.com/Malayalivartha






















