ശരണബാല്യം പദ്ധതിയിലൂടെ പത്ത് ദിവസത്തിനുള്ളില്‍ ചൈല്‍ഡ് റസ്ക്യൂ ഫോഴ്സ് മോചിപ്പിച്ചത് 29 കുട്ടികളെ

ശരണബാല്യം പദ്ധതി പ്രവര്‍ത്തനത്തിന്റെ ഫലമായി പത്ത് ദിവസത്തിനുള്ളില്‍ മോചിപ്പിച്ചത് 29 കുട്ടികളെ. ബാലവേല-ബാലഭിക്ഷാടന-തെരുവുബാല്യ വിമുക്ത കേരളത്തിനായി സംസ്ഥാന സര്‍ക്കാര്‍, വനിതാ, ശിശു വികസന വകുപ്പ് നടപ്പിലാക്കുന്നത്. പത്തനംതിട്ട ജില്ലയിലായിരുന്നു ഈ പദ്ധതിയുടെ തുടക്കം ജനുവരി ഒന്ന് മുതല്‍ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ക്കൂടി പദ്ധതി വ്യാപിച്ചു. പത്ത് ദിവസം മുൻപാണ് നാല് ജില്ലകളിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെ കീഴില്‍ ചൈല്‍ഡ് റസ്ക്യൂഫോഴ്സിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.
പത്തനംതിട്ട ജില്ലയില്‍ ഏഴ് ആണ്‍കുട്ടികള്‍ അഞ്ച് പെണ്‍കുട്ടികള്‍, കോട്ടയം ജില്ലയില്‍ നാല് ആണ്‍കുട്ടികള്‍, ആലപ്പുഴ ജില്ലയില്‍ രണ്ട് ആണ്‍കുട്ടികള്‍ രണ്ട് പെണ്‍കുട്ടികള്‍, കൊല്ലം ജില്ലയില്‍ മൂന്ന് ആണ്‍കുട്ടികള്‍ ആറ് പെണ്‍കുട്ടികള്‍ എന്നിവരെയാണ് ചൈല്‍ഡ് റസ്ക്യൂ ഫോഴ്സ് കണ്ടെത്തി രക്ഷിച്ചിട്ടുള്ളത്. 29 കുട്ടികളില്‍ 22 കുട്ടികളും തമിഴ്നാട്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് മാല, വള തുടങ്ങിയവ വില്‍പ്പന നടത്തുന്നതിനും ഹോട്ടലുകളില്‍ ജോലിക്കായും കൊണ്ടുവന്നിട്ടുള്ളവരായിരുന്നു. സ്കൂള്‍ പഠനം മുടക്കിയാണ് പല കുട്ടികളെയും കച്ചവട ആവശ്യത്തിനായി ഉപയോഗിക്കുന്നത്. ഇവർക്ക് ആവശ്യത്തിന് ഭക്ഷണവും ലഭിച്ചിരുന്നില്ല.
വൃത്തിഹീനമായതും സുരക്ഷിതമല്ലാത്തതുമായ സാഹചര്യത്തിലാണ് കുട്ടികളെ താമസിപ്പിച്ചിരുന്നത്. പെണ്‍കുട്ടികളും മുതിര്‍ന്ന പുരുഷന്‍മാരുമൊക്കെ താല്ക്കാലിക ഷെഡ്ഡില്‍ ഒരുമിച്ച് താമസിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
നാല് ജില്ലകളിലായി ചൈല്‍ഡ് റസ്ക്യൂ ഫോഴ്സ് കണ്ടെത്തിയ 29 കുട്ടികളെയും അതാത് ജില്ലകളിലെ ചൈല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റി മുമ്ബാകെ ഹാജരാക്കിയിരുന്നു. ഇതര സംസ്ഥാന കുട്ടികളെ ബന്ധപ്പെട്ട സംസ്ഥാനത്തെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്ബാകെ ഹാജരാക്കി കുട്ടികളുടെ തുടര്‍സംരക്ഷണത്തിനായുള്ള നടപടി സ്വീകരിച്ചുവരുകയാണ്.
കുട്ടികളെ ബാലവേലയ്ക്ക് വിധേയമാക്കിയതിനും മതിയായ ശ്രദ്ധയും സംരക്ഷണവും നല്‍കാത്തതില്‍ വീഴ്ച വരുത്തിയതിനും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി പൊലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കുട്ടികളെ ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണം എന്നിവയില്‍ നിന്ന് മോചിപ്പിക്കുന്നതിനായി ശക്തമായ നടപടി തുടരുമെന്നും ശരണബാല്യം പദ്ധതി മറ്റ് ജില്ലകളില്‍ക്കൂടി വ്യാപിപ്പിക്കുമെന്നും ആരോഗ്യസാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ പലരും വിദ്യാഭ്യാസം ലഭിക്കാത്ത സാഹചര്യത്തിലാണ് ഉള്ളതെന്നും പതിനാല് വയസുവരെയുള്ള ശ്രദ്ധയും സംരക്ഷണവും ആവശ്യമായ എല്ലാ ഇതര സംസ്ഥാന കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് പ്രത്യേക പരിപാടി ആരംഭിക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















