ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി സഹതടവുകാരെ മര്‍ദിക്കുന്നതായി പരാതി : അന്വേഷണത്തിന് ഉത്തരവ്

ടി പി വധക്കേസിലെ പ്രതിയുടെ ഗുണ്ടായിസം ജയിലിലും തുടരുന്നു. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി അനൂപ് സഹതടവുകാരെ മര്‍ദ്ദിക്കുന്നതായി പരാതി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എം സി അനൂപ് ജയിലിനുള്ളില്‍ ബീഡിയും കഞ്ചാവും എത്തിക്കാന്‍ സഹായിക്കാത്ത സഹതടവുകാരെ മര്‍ദിക്കുന്നു എന്നാണ് പരാതി. ജയിലിലെ പരാതിപ്പെട്ടിയില്‍ പേരു വയ്ക്കാതെ ലഭിച്ച പരാതിയെ തുടർന്ന് തൃശൂര്‍ സെഷന്‍സ് ജഡ്ജി മനുഷ്യാവകാശ കമ്മീഷനിലേക്ക് അയക്കുകയായിരുന്നു. ഇതേത്തുടന്ന് അന്വേഷണത്തിന് ഉത്തരവിട്ടു.
ജയില്‍ ഡിജിപി മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റേതാണ് പരാതി. രാഷ്ട്രീയ സ്വാധീനത്താല്‍ അനൂപ് ജയിലിലെ മേസ്തിരി സ്ഥാനം അനര്‍ഹമായി നേടിയെടുത്തതായി പരാതിയില്‍ പറയുന്നു. ജയിലില്‍ പുറംപണിക്ക് പോകുന്നവരോട് ബീഡിയും കഞ്ചാവും മദ്യവും ജയിലിനുള്ളില്‍ എത്തിക്കണമെന്ന് അനൂപ് ആവശ്യപ്പെടുകയും സമ്മതിക്കാത്തവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുമെന്ന് പരാതിയില്‍ പറയുന്നു.
രണ്ടാഴ്ച മുന്‍പ് ഹൃദ്രോഗിയായ റഹിം എന്ന സഹതടവുകാരനെ പുറത്തുനിന്നും ജയില്‍ മതിലിനുള്ളിലേക്ക് എറിഞ്ഞ കഞ്ചാവും ബീഡിയും എടുത്തുകൊടുക്കാത്തതിന് മര്‍ദ്ദിച്ചിരുന്നു. ഇയാള്‍ മുളങ്കുത്തുകാവ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഷാജി മാത്യു എന്ന തടവുകാരനെയും അനൂപ് മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു.
ജയിലില്‍ നിരോധന ഉത്പന്നങ്ങളായ ബീഡിയും കഞ്ചാവും അനുപ് വില്‍പ്പന നടത്താറുണ്ടെന്നും ഇത് ജയിലില്‍ അമിത വിലയ്ക്ക് വിറ്റഴിച്ച് അനൂപ് പ്രതിമാസം 50,000 രൂപ ഉണ്ടാക്കുന്നുണ്ടെന്നാണ് വിവരം. അനൂപിന്റെ മുറി പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്ന് പരാതിക്കാരൻ പറയുന്നു.
https://www.facebook.com/Malayalivartha






















