മകരവിളക്ക് ഇന്ന് സന്നിധാനത്തിലേക്ക് തീര്‍ത്ഥാടകരുടെ പ്രവാഹം

തീര്‍ഥാടകര്‍ക്ക് ആത്മനിര്‍വൃതിയേകി ഇന്ന് മകരവിളക്ക്. മകരവിളക്കിന് മുന്നോടിയായുള്ള സംക്രമപൂജയും സംക്രമാഭിഷേകവും 1.47ന് നടക്കും. വൈകീട്ട് അഞ്ചിന് മകരവിളക്ക് പൂജക്കായി നടതുറക്കും. അഞ്ചരയോടെ ശരംകുത്തിയില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിക്കുന്ന തിരുവാഭരണ ഘോഷയാത്രയെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സന്നിധാനത്തേക്ക് സ്വീകരിക്കും.
മാനത്ത് വട്ടമിട്ടുപറക്കുന്ന കൃഷ്ണപ്പരുന്തിന്റെ അകമ്പടിയോട സോപാനത്ത് എത്തുന്ന തിരുവാഭരണ പേടകങ്ങള്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് ഏറ്റുവാങ്ങും. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ അണിയിച്ച് 6.30ന് ദീപാരാധനക്കായി നടതുറക്കുന്ന വേളയില്‍ കിഴക്കേ മാനത്ത് മകരസംക്രമനക്ഷത്രം തെളിയുന്നതോടൊപ്പം പൊന്നമ്പലമേട്ടില്‍ മകരജ്യോതി മൂന്ന് വട്ടം തെളിയും.
അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് മകരവിളക്ക് ദര്‍ശനത്തിനായി ഇത്തവണയുമുള്ളത്. ശബരിമലയും പരിസരവും രണ്ടു ദിവസം മുമ്പ് തന്നെ ഭക്തജനസാഗരമായി മാറിക്കഴിഞ്ഞു. ശനിയാഴ്ച വൈകുന്നേരം മുതല്‍ മരക്കൂട്ടത്തുനിന്ന് ഭക്തരെ കയറ്റിവിടുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പയിലും സന്നിധാനത്തും മറ്റ് വ്യൂ പോയന്റുകളിലുമായി നാലുലക്ഷത്തോളം ഭക്തര്‍ മകരജ്യോതിദര്‍ശനത്തിനായി തമ്പടിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
ചാലക്കയം, ഹില്‍ടോപ്, ശബരീപീഠം, പാണ്ടിത്താവളം, മാളികപ്പുറം, പുല്ലുമേട്, പുതിയ അന്നദാനമണ്ഡപം, ഇന്‍സിനറേറ്റര്‍, പാലാഴി, മാഗുണ്ട അയ്യപ്പനിലയം, കൊപ്രക്കളം, കെ.എസ്.ഇ.ബിവനം വകുപ്പ് ഓഫിസ്, ശരംകുത്തി, ഹെലിപാഡ് എന്നിവിടങ്ങളെല്ലാം സുഗമമായ ജ്യോതിദര്‍ശനം സാധ്യമാണ്. സുഖദര്‍ശനത്തിനുള്ള എല്ലാ സംവിധാനവും ഒരുക്കിയതായി സംയുക്തസേന മേധാവികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















