സംസ്ഥാനത്ത് പെട്രോൾ, ഡീസല്‍ വിലകയറ്റം രൂക്ഷമാകുന്നു

കേരളത്തിൽ പെട്രോളിനു മാത്രമല്ല ഡീസലിനും വില വർധിക്കുകയാണ്. ആദ്യമായി ഡീസലിന് 65 രൂപ കടന്നു. ലിറ്ററിന് 66.79 രൂപയാണ് തിരുവനന്തപുരത്തെ ഇന്നലത്തെ ഡീസല്‍ വില. പെട്രോള്‍ വിലയും 74.83 രൂപയായി ദിവസവും വർധിപ്പിക്കുകയാണ്. ഇക്കഴിഞ്ഞ ആറുമാസത്തിനിടെ എട്ടുരൂപയിൽ കൂടുതൽ ഡീസലിന് കൂട്ടി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം കൂട്ടിയത് 1.87 രൂപയാണ്.
രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് കൂട്ടിയത് ഒന്നര രൂപയാണ്. ബിജെപി അധികാരത്തിലെത്തുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 69.15 രൂപയും ഡീസലിന് 49.57 രൂപയുമായിരുന്നു. ഈ കാലയളവില്‍ ഡീസലിന് 18 രൂപയോളം കൂട്ടി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ദിവസവും എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടുന്നത്. ക്രൂഡ് ഓയില്‍ ബാരലിന് 70 ഡോളര്‍ പിന്നിട്ടെങ്കിലും ഇപ്പോഴത്തെ നിലയിലുള്ള വര്‍ധന സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാനാണ്.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014 മേയില്‍ ക്രൂഡ് ഓയിലിന് 120 ഡോളറായിരുന്നു വില. അന്ന് ഡീസലിന് 49.57 രൂപയായിരുന്നെങ്കില്‍ ബാരലിന് 70 ഡോളര്‍ മാത്രമുള്ള ഇപ്പോള്‍ 66.79 രൂപയാക്കി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 40 ഡോളറിന് അടുത്തെത്തിയപ്പോള്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാതെ കേന്ദ്രസര്‍ക്കാര്‍ നികുതി കൂട്ടുകയായിരുന്നു. ക്രൂഡ് ഓയില്‍ വില കൂടുമ്പോള്‍ വര്‍ധിപ്പിച്ച നികുതി കുറയ്ക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വര്‍ധിപ്പിച്ച നികുതി കുറയ്ക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ് ഇപ്പോള്‍. ക്രൂഡ്ഓയില്‍ വില ഇനിയും വര്‍ധിക്കുകയാണെങ്കില്‍ പെട്രോള്‍ വിലയ്‌ക്കൊപ്പമോ അതിനും മുകളിലോ ഡീസല്‍ വില എത്തിയേക്കുമെന്ന് ഓള്‍ കേരള പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















