നേതാജി പ്രതിമയുടെ നിറംമാറ്റത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മേയര്‍; പി.എം.ജിയിലെ നേതാജി പ്രതിമ നഗരസഭ ഇടപെട്ട് നവീകരിക്കുന്നു

പി.എം.ജിയിലെ നേതാജി പ്രതിമ നഗരസഭ ഇടപെട്ട് നവീകരിക്കുന്നു. നേതാജി പ്രതിമയുടെ നിറം മാറ്റിയത് ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മേയര്‍ വി.കെ പ്രശാന്ത് വ്യക്തമാക്കി.
നേതാജിക്ക് പച്ചനിറം ഇഷ്ടമാണെന്ന വാദത്തോടെ നേതാജിയുടെ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന ഫെഡറല്‍ ബ്ലോക്ക് പാര്‍ട്ടിയാണ് കറുപ്പ് നിറമായിരുന്ന പ്രതിമയ്ക്ക് പച്ച നിറം നല്‍കിയത്. ഇതിനെതിരെ പ്രതിമയുടെ ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ രംഗത്തെത്തിയതോടെയാണ് വിവാദമായത്. ആദ്യഘട്ടത്തില്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചുരെങ്കിലും സംഭവം വിവാദമായോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചത്.
പ്രതിമയുടെ അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു. ഇതോടൊപ്പം നഗരത്തിലെ ആദരണീയരായ വ്യക്തികളുടെ പ്രതിമകളുടെ സംരക്ഷണം ഇനി മുതല്‍ നഗരസഭ ഏറ്റെടുക്കും. അതിനാല്‍, പ്രതിമകളില്‍ ഏതെങ്കിലും തരത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അനുമതി തേടണമെന്നും അദ്ദേഹം വ്യക്തമാക്കി.

https://www.facebook.com/Malayalivartha



























