ജനങ്ങളെ നന്നായി കുടിപ്പിച്ച് വരുമാനമുണ്ടാകുന്നതാണോ സുസ്ഥിര വികസനം..?; ഡി.ജി.പി. ജേക്കബ് തോമസ്

മദ്യവും ലോട്ടറിയും പ്രധാന വരുമാനമാര്‍ഗമായ സംസ്ഥാനത്ത് മറ്റൊരു ബദല്‍ വരുമാനമാര്‍ഗം കൊണ്ടുവന്നെങ്കില്‍ മാത്രമേ മദ്യം അപ്രസക്തമാകുവെന്ന് ഡി.ജി.പി. ജേക്കബ് തോമസ്. കേരള മദ്യനിരോധന സമിതിയുടെ 'ലഹരിവിമുക്ത ജ്യോതി' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വിദ്യാലയത്തിനും ദേവാലയത്തിനും മുകളിലാണ് മദ്യാലയത്തിന്റെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
"മദ്യമുതലാളിമാര്‍ക്കെതിരേ തിരിയുന്ന ഉദ്യോഗസ്ഥര്‍ക്ക് പിന്നീട് യൂണിഫോം ഇടേണ്ടിവരില്ല. അത്തരം ഉദ്യോഗസ്ഥരെ തേങ്ങ, മാങ്ങ വകുപ്പുകളിലിരുത്തും. ബാര്‍ മുതലാളിമാര്‍ക്കെതിരേ കണ്ണടയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള അംഗീകാരം ലഭിക്കും. അഴിമതിക്കാരെ വീണ്ടും വീണ്ടും ജയിപ്പിച്ചുവിടുന്ന സ്ഥിതിയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. 25 വര്‍ഷംമുന്‍പ് നിലനിന്ന അവസ്ഥയ്ക്ക് ഇപ്പോഴും മാറ്റമില്ല. ഏഴു കാര്യങ്ങള്‍കൊണ്ടാണ് മദ്യശാലകളുടെ പ്രസക്തി വര്‍ധിക്കുന്നത്. മദ്യമെന്നതില്‍ വരുമാനം, തൊഴില്‍, ആഘോഷം, മരുന്ന്, വ്യവസായം, നയം, അഴിമതി എന്നിവ തുല്യമാണ്. കേരളത്തിന്റെ ഒന്നാമത്തെ വരുമാനസ്രോതസ്സാണ് മദ്യം. രണ്ടാമത്തേത് ലോട്ടറി"- അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ നയം സുസ്ഥിര വികസനമാണെന്നാണ് പലരും പറയുന്നത്. ജനങ്ങളെ നന്നായി കുടിപ്പിച്ച് വരുമാനമുണ്ടാകുന്നതാണോ സുസ്ഥിര വികസനമെന്നും അദ്ദേഹം ചോദിച്ചു.
https://www.facebook.com/Malayalivartha



























