സെക്രട്ടറിയേറ്റ് പഞ്ചിങ് നടപടിക്കു പിന്നാലെ ഹാജറും പഞ്ചിങ് സമയവുമടക്കം ജീവനക്കാരുടെ മൊബൈലില്‍ എസ്.എം.എസിലൂടെ അറിയിക്കുവാനുള്ള സംവിധാനമൊരുങ്ങുന്നു

സെക്രട്ടേറിയറ്റില്‍ പഞ്ചിങ് നിര്‍ബന്ധമാക്കുകയും ശമ്പളവുമായി ബന്ധിപ്പിക്കുകയും ചെയ്തതിനു പിന്നാലെ ഹാജറും പഞ്ചിങ് സമയവുമടക്കം എസ്.എം.എസിലൂടെയും ഇമെയിലിലൂടെയും ജീവനക്കാരെ അറിയിക്കുവാനുള്ള സംവിധാനമൊരുങ്ങുന്നു. പഞ്ച് ചെയ്തത് ശരിയായിട്ടുണ്ടോ, കൃത്യമാണോ എന്നതടക്കമുള്ള ജീവനക്കാരുടെ സംശയങ്ങള്‍ക്ക് പരിഹാരമായാണ് തീരുമാനം.
അടുത്തമാസം രണ്ടാം വാരത്തോടെ സംവിധാനം നിലവില്‍ വരുമെന്നാണ് വിവരം. രാവിലെ ജോലിയില്‍ പ്രവേശിക്കുമ്പോഴും വൈകീട്ട് പുറത്തിറങ്ങുമ്പോഴും രണ്ട് എസ്.എം.എസുകളാണ് ലഭിക്കുക. പഞ്ച് ചെയ്ത സമയം, താമസിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം, ദിവസം എത്ര മണിക്കൂര്‍ ജോലിയിലുണ്ടായിരുന്നു തുടങ്ങിയ വിവരങ്ങളാണ് ഉള്ളടക്കം. പഞ്ചിങ് നിര്‍ബന്ധമാക്കിയ തീരുമാനത്തോടൊപ്പം പ്രതിമാസം മൂന്നു മണിക്കൂര്‍ ഇളവു നല്‍കിയിരുന്നു. വൈകിയെത്തുന്ന സമയം ഈ മൂന്നു മണിക്കൂറില്‍നിന്ന് കുറക്കും. വൈകല്‍ മൂന്നു മണിക്കൂര്‍ പിന്നിടുമ്പോഴാണ് ശമ്പളത്തെ ബാധിക്കുക. ഈ സാഹചര്യത്തില്‍ ഓരോരുത്തരുടെയും സമയാനുകൂല്യത്തില്‍ എത്ര നഷ്ടപ്പെട്ടു, ഇനി എത്ര അവശേഷിക്കുന്നു എന്നീ കാര്യങ്ങളും എസ്.എം.എസിലുണ്ടാകും. ഇതേ ഉള്ളടക്കമാണ് ഇമെയില്‍ വഴിയും നല്‍കുക.
സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായി സെക്രട്ടേറിയറ്റിലെ അയ്യായിരത്തോളം ജീവനക്കാര്‍ക്ക് പ്രത്യേകം ഫോറം നല്‍കി ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ ശേഖരിച്ചിട്ടുണ്ട്. ഇവ സ്പാര്‍ക്കിന്റെ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തിയാണ് തത്സമയം ജീവനക്കാര്‍ക്ക് വിവരങ്ങളെത്തിക്കുന്നത്. ജനുവരി ഒന്നുമുതലാണ് സെക്രട്ടേറിയറ്റില്‍ പഞ്ചിങ് ശമ്പളവുമായി ബന്ധിപ്പിച്ചുള്ള ക്രമീകരണം നിലവില്‍ വന്നത്.
പഞ്ചിങ് നടപ്പാക്കിയിട്ട് 15 വര്‍ഷമായെങ്കിലും ആദ്യമായാണ് ശമ്പളവുമായി ബന്ധിപ്പിക്കുന്നത്. ഹാജര്‍ ക്രമീകരിക്കേണ്ടവര്‍ 20നു മുമ്പുചെയ്യണം. പ്രവൃത്തിദിവസങ്ങളില്‍ ശരാശരി ഏഴു മണിക്കൂര്‍ ജോലിയില്‍ ഉണ്ടായിരിക്കണമെന്നതാണ് വ്യവസ്ഥ. ഇതോടെ തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























