എട്ട് വർഷമായി കുഞ്ഞുങ്ങളില്ല; ഒടുവിൽ ഗർഭിണിയായപ്പോൾ നഴ്സിംഗ് അദ്ധ്യാപിക കാണിച്ച് കൂട്ടിയത്...

ഗർഭിണിയാണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച യുവതി, പ്രസവ തീയതിക്ക് മുമ്പ് തൃശൂർ ജനറൽ ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായി. മണ്ണാർക്കാട് അളനെല്ലൂർ പുന്നംമണ്ണ വീട്ടിൽ മനോജിന്റെ ഭാര്യയും മുൻ നഴ്സിംഗ് അദ്ധ്യാപികയുമായ പ്രിയങ്കയാണ് (28) അറസ്റ്റിലായത്. കല്ലിപ്പറമ്പിൽ വീട്ടിൽ മാടക്കത്തറ നാലുസെന്റ് കോളനി ഷാനവാസ്-തൻസിയ ദമ്പതികളുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്.
ബി.എസ്.എസി. നഴ്സിംഗ് പഠനത്തിനുശേഷം പെരിന്തൽമണ്ണയിലെ സ്ഥാപനത്തിൽ നഴ്സിംഗ് അദ്ധ്യാപികയായിരുന്ന പ്രിയങ്ക വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. മൂന്നുമാസമായി തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഐ.ഇ.എൽ.ടി.എസ് കോഴ്സിന് പഠിക്കുകയാണ്.
വിവാഹം കഴിഞ്ഞ് എട്ടുവർഷമായിട്ടും കുട്ടികളില്ലാത്തതിന്റെ മനോവിഷമത്തിലായിരുന്ന പ്രിയങ്ക, ഭർതൃവീട്ടുകാരോട് താൻ ഗർഭിണിയാണെന്ന് ധരിപ്പിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ജനറൽ ആശുപത്രിയിലെത്തിയ പ്രിയങ്ക കൈത്തണ്ടയിൽ കോട്ട് മടക്കിയിട്ട് നഴ്സിന്റെ രൂപഭാവത്തോടെ തൻസിയയുടെ അടുത്തെത്തി. കുട്ടിക്ക് വിറ്റാമിൻ സിറപ്പ് നൽകിയോയെന്ന് തൻസിയയോട് ചോദിച്ചു.
ഇല്ലെന്ന് തൻസിയ പറഞ്ഞതോടെ കുട്ടിയെ കൊണ്ടുപോയി വിറ്റാമിൻ നൽകാം, നിങ്ങൾ കുറച്ചു കഴിഞ്ഞ് നഴ്സുമാരുടെ അടുത്ത് നിന്ന് കുട്ടിയെ വാങ്ങിയാൽ മതിയെന്ന് പ്രിയങ്ക പറഞ്ഞു. വേണ്ടെന്ന് പറഞ്ഞിട്ടും പ്രിയങ്ക പിന്മാറിയില്ല. നാലു ദിവസമായി ആശുപത്രിയിലുള്ള തൻസിയ ഇതിനു മുമ്പ് പ്രിയങ്കയെ കണ്ടിട്ടില്ല. സംശയം തോന്നിയ തൻസിയ നൽകിയ വിവരമനുസരിച്ച് ഡോക്ടർമാർ പൊലീസിനെ വിളിച്ചുവരുത്തി. കാര്യങ്ങൾ കൈവിട്ടുവെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് പ്രിയങ്കയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ കുട്ടികളില്ലാത്തതിന്റെ മനോവിഷമം പ്രിയങ്ക തുറന്നുപറഞ്ഞു.
കുട്ടിയെ പൊതിഞ്ഞ് കൊണ്ടുപോകാനുള്ള ടർക്കി, ബാഗ്, കരഞ്ഞാൽ വായിലൊട്ടിക്കാനുള്ള പ്ലാസ്റ്റർ എന്നിവ പ്രിയങ്കയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. വിവരം അറിയിച്ചതിനെ തുടർന്ന് പ്രിയങ്കയുടെ വീട്ടുകാർ തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെത്തി. പ്രിയങ്കയെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.
https://www.facebook.com/Malayalivartha



























