'ഇത് എന്റെ അവസാന വീഡിയോ' പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിരോധത്തിലായത് ബിജെപി; പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം

മറ്റൊരു മതത്തില്‍പെട്ട യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിയെ വീട്ടുതടങ്കലിലാക്കിയെന്നു പരാതിയില്‍ ബിജെപിക്കും പങ്ക്. മംഗളൂരുവില്‍ ബിജെപി നേതാവിന്റെ സഹായത്തോടെയാണ് വീട്ടില്‍ പാര്‍പ്പിച്ചത് പെണ്‍കുട്ടിയെ വീട്ടില്‍നിന്നു കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസെത്തിയാണു മോചിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ഇപ്പോള്‍ പൊലീസ് സംരക്ഷണത്തില്‍ മംഗളൂരുവിലെ മഹിളാമന്ദിരത്തിലാക്കിയിരിക്കുകയാണ്. ബിജെപി നേതാവിന്റെ കീഴിലുള്ള വീട്ടില്‍ തടവിലാണു താനെന്നും രക്ഷിക്കണമെന്നുമാവശ്യപ്പെട്ടു പെണ്‍കുട്ടി പുറത്തുവിട്ട വിഡിയോ വൈറലായതിനെത്തുടര്‍ന്നാണു പൊലീസ് നടപടി.
മംഗലാപുരം ബര്‍ക്കെ സ്‌റ്റേഷന്‍ പരിധിയിലുള്ള ബിജെപി നേതാവിന്റെ വീട്ടിലാണു പെണ്‍കുട്ടിയെ താമസിപ്പിച്ചിരുന്നത്. അതല്ല, വീട് കണ്ടെത്തിക്കൊടുക്കാന്‍ പെണ്‍കുട്ടിയുടെ അമ്മയെ നേതാവ് സഹായിച്ചതാണെന്നും പറയപ്പെടുന്നു. അമ്മയ്‌ക്കൊപ്പം താമസിച്ചു വരവെയാണ് തന്നെ രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചു തൃശൂര്‍ സ്വദേശി പെണ്‍കുട്ടി വിഡിയോ പുറത്തുവിട്ടത്. മേയ് ഒന്നിനാണു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രാദേശിക പൊലീസ് ഉള്‍പ്പെടെ സംഭവത്തില്‍ നിശബ്ദത പാലിച്ചെങ്കിലും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി മഹിളാമന്ദിരത്തിലെത്തിച്ചതോടെ വാര്‍ത്ത പുറത്തുവരികയായിരുന്നു.
ഇത് എന്റെ അവസാനത്തെ വിഡിയോ ആയിരിക്കും. ജീവന് അത്രയും ഭീഷണിയായിട്ടാണ് ഈ വിഡിയോ ചെയ്യുന്നത്. റിസ്‌കെടുത്താണ് ചെയ്യുന്നത്. എനിക്കു നാളെ എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി എന്റെ അമ്മയാണ്. രണ്ടു വര്‍ഷമായി അനുഭവിക്കാന്‍ ഇനി ബാക്കിയൊന്നുമില്ല. രണ്ടു മാസം മാനസിക രോഗത്തിനാണെന്നു പറഞ്ഞ് എന്നെ കൊച്ചിയിലെ ആശുപത്രിയിലാക്കി. പിന്നെ രണ്ടു രണ്ടര മാസത്തോളം ആര്‍എസ്എസിന്റെ ഒരു ഓര്‍ഫനേജില്‍ കഴിഞ്ഞു. ഇപ്പോള്‍ മംഗലാപുരത്താണ്. അതും ബിജെപിക്കു കീഴില്‍ ഒരു വീട് വാടകയ്‌ക്കെടുത്ത്. എന്നെ ഇവിടെ കൊണ്ടു ചെന്നാക്കിയ ആള്‍ വൃത്തികെട്ട സ്വഭാവക്കാരനാണ്. എന്നെ ഒറ്റയ്ക്ക് ഇയാളുടെ കൂടെ നിര്‍ത്തിയാണ് അമ്മ നാട്ടിലേക്കു പോകുന്നത്. രണ്ടു വര്‍ഷമായി ഞാന്‍ നാട്ടിലേക്കു പോകുന്നില്ല. ഞാനിവിടെ ജോലി ചെയ്ത് അമ്മയെ നോക്കി ജീവിക്കുകയാണെന്നാണു നാട്ടില്‍ പറഞ്ഞിരിക്കുന്നത്. പക്ഷേ അതല്ല ഇവിടെ നടക്കുന്നത്.
നാട്ടില്‍ പോകണമെന്നു പറഞ്ഞാല്‍ തല്ലാണ്. ദേഹം മുഴുവന്‍ അടി കിട്ടിയ പാടുകളാണ്. അച്ഛന്റെ വീട്ടുകാര്‍ക്ക് അമ്മയോടുള്ള ദേഷ്യത്താലാവാം എന്നെ സഹായിക്കാനെത്താത്തത്. രക്ഷപ്പെടാന്‍ വേറൊരു വഴിയുമില്ല. രണ്ടു വര്‍ഷത്തോളം പിടിച്ചു നിന്നു. ഇപ്പോള്‍ അവന്റെ കൂടെ ജീവിക്കാമെന്നുള്ള വിശ്വാസവുമില്ല. അതിനാലാണ് വിഡിയോ ചെയ്യുന്നത്. ഇവിടെ ബിജെപി ഫുള്‍ ഫോഴ്‌സായിട്ടാണുള്ളത്. രണ്ടാഴ്ചയ്‌ക്കെന്നു പറഞ്ഞു വന്നിട്ട് രണ്ടു വര്‍ഷത്തോളമായി ഞാനിവിടെ... ഫോണ്‍ ഉപയോഗിച്ചെന്നറിഞ്ഞാല്‍ അവരെന്നെ ജീവനോടെ വച്ചേക്കില്ല. സഹായിക്കണം, രക്ഷിക്കണം...' മൂന്നേകാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ പെണ്‍കുട്ടി കരഞ്ഞു പറയുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞ മംഗളൂരു സിറ്റി പൊലീസ് ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെത്തിയാണു രക്ഷപ്പെടുത്തിയത്. അമ്മയും ഒപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിയെ അനധികൃതമായി വീട്ടുതടങ്കലിലാക്കിയതിന് അമ്മയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ പിന്നീട് ഇടക്കാല ജാമ്യത്തില്‍ വിട്ടയച്ചു. അമ്മയ്‌ക്കൊപ്പം പോകില്ലെന്നു പറഞ്ഞ പെണ്‍കുട്ടിയെ മംഗളൂരു സെക്കന്‍ഡ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദേശ പ്രകാരം മഹിളാമന്ദിരത്തിലേക്കു മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha
























