നീനുവിന്റെ അമ്മ തമിഴ്‌നാട്ടില്‍; തട്ടിക്കൊണ്ട് പോകലിന്റെ മുഖ്യസൂത്രധാരക ഇവരെന്നും അന്വേഷണ സംഘം

കോട്ടയത്തെ ദുരഭിമാന കൊലക്കേസിലെ പ്രധാന ആസൂത്രകയായ രഹ്ന തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു.നീനുവിന്റെ ഉമ്മ രഹ്നയുടെ ബന്ധുക്കള്‍ തെങ്കാശിയിലും തിരുനെല്‍വേലിയിലും കടയനല്ലൂരിലുമുണ്ടെന്ന് തെന്‍മലയിലെ ചില ബന്ധുക്കളില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതോടെയാണ് അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചത്. നീനുവിന്റെ പിതാവ് ചാക്കോ പ്രതിയാണെന്ന് പൊലീസ് നേരത്തെ ഉറപ്പിച്ചെങ്കിലും രഹ്നയുടെ പങ്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ലായിരുന്നു ഗള്‍ഫിലുള്ള മകനെ രഹ്നയാണ് വിളിച്ചുവരുത്തിയത്. കെവിന്‍ അനീഷിന്റെ വീട്ടിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയതും രഹ്നമായിരുന്നു. കേസില്‍ പ്രതി ചേര്‍ക്കുമെന്ന് ഉറപ്പായതോടെയാണ് ഇവര്‍ ഒളിവില്‍ പോയത്.
രഹ്നയെ തേടി പത്തനാപുരത്തെ സഹോദരിയുടെ വീട്ടിലും പൊലീസ് എത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്താലെ കൊലപാതകത്തില്‍ കൂടുതല്‍ വ്യക്തത വരൂ. തെന്മല ഒറ്റക്കല്ലിലെ വീട്ടില്‍ കെവിനെ തട്ടിക്കൊണ്ട് പോയ ദിവസം വൈകിട്ടോടെയാണ് ചാക്കോയെയും രഹ്നയെയും നാട്ടുകാര്‍ ഒടുവില്‍ കണ്ടത്. തെന്‍മലയിലെ വീട്ടില്‍ വെച്ച് നീനുവിന്റെ മാതാപിതാക്കളുമായി ആലോചിച്ച ശേഷമാണ് മാന്നാനത്ത് നിന്ന് കെവിനെ തട്ടിക്കൊണ്ട് പോയതെന്ന് പീരുമേട് കോടതിയില്‍ കീഴടങ്ങിയ ടിറ്റു ജെറോം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെയാണ് കേസില്‍ രഹ്നയുടെ പങ്ക് കുടുതല്‍ വ്യക്തമായത്. ഷാനുവും ചാക്കോയും ബാംഗ്ലൂരില്‍ എത്തിയതിനും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അവിടെ സഹായങ്ങള്‍ ചെയ്തു കൊടുത്തത് ഷാനുവിന്റെ ഭാര്യയാണെന്നും പൊലീസ് സംശയിക്കുന്നു. അവരും നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha




















