നിപ്പാ വൈറസ് ബാധ ; വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് ജൂണ്‍ അഞ്ച് വരെ അവധി

നിപ്പാ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോടിന്‍റെ അതിര്‍ത്തി ജില്ലയായ വയനാടിനും ജാഗ്രതാ നിര്‍ദ്ദേശം. നിപ്പാ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് പേര്‍ കൂടി മരിച്ചതോടെയാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വയനാട്ടിലെ സ്കൂളുകള്‍ ജൂണ്‍ അഞ്ച് വരെ തുറക്കരുതെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ആദ്യഘട്ടത്തില്‍ വൈറസ് ബാധ നിയന്ത്രണ വിധേയമായ ശേഷം വീണ്ടും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജാഗ്രത കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
നിപ്പാ ബാധിച്ച് മരിച്ചവരുമായി ഇടപെട്ടവര്‍ കനത്ത ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം. നിപ്പയുടെ ലക്ഷണങ്ങളുമായി എത്തുന്നവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റണമെന്ന് സ്വകാര്യ ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നൂറോളം പേര്‍ നിപ്പയുടെ രോഗലക്ഷണവുമായി നിരീക്ഷണത്തിലുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്.
വൈറസ് ബാധയേല്‍ക്കുന്നവരുടെ ചികിത്സയ്ക്കായി ഓസ്ട്രേലിയയില്‍ നിന്നും കൊണ്ടുവരുന്ന മരുന്ന് ഇന്ന് രാത്രി തന്നെ എത്തുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രതീക്ഷ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha




















