എട്ടിക്കുളം ജുമുആ മസ്ജിദില്‍ സംഘര്‍ഷം; സംഘര്‍ഷം എപി ഇകെ വിഭാഗങ്ങള്‍ തമ്മില്‍; പൊലീസിനെതിരെയും അക്രമം

എട്ടിക്കുളം ജുമാ മസ്ജിദില്‍ വീണ്ടും എപി, ഇകെ സുന്നി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ജുമുആ നമസ്‌കാരം തടയാന്‍ ഇകെ വിഭാഗമെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഘര്‍ഷത്തിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റു.
എട്ടിക്കുളത്തെ താജുല്‍ ഉലമ മഖാമില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി എപി ഇകെ വിഭാഗം സുന്നികളുടെ സംഘര്‍ഷം നിലനില്‍ക്കുകയാണ്. വെളളിയാഴ്ച്ച നമസ്‌കാരമായ ജുമുഅ പുതുതായി തുടങ്ങുന്നതിനെതിരെ നിലവിലുള്ള പള്ളിയിലെ വിശ്വാസികളായ ഇ കെ വിഭാഗം രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് കാരണം. കഴിഞ്ഞ 2 വെള്ളിയാഴ്ചകളിലായി നടന്ന പ്രതിഷേധമാണ് ഇന്ന് കയ്യേറ്റത്തില്‍ കലാശിച്ചത്. നമസ്‌കരിക്കുന്നതിനായി വിശ്വാസികള്‍ പള്ളിയിലേക്ക് കയറവേ പ്രതിഷേധക്കാര്‍ ഇവരെ തടയുകയും ബഹളം വയ്ക്കുകയും ചെയ്യുകയായിരുന്നു. പൊലീസെത്തി ഇടപെട്ടെങ്കിലും വാക്കേറ്റവും പ്രതിഷേധവും സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു. പൊലീസിനെതിരെയും അക്രമമുണ്ടായി. പഴയങ്ങാടി സ്‌റ്റേഷനിലെ അനില്‍കുമാറിനാണ് പരിക്കേറ്റത്. പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. തുടര്‍ന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്യുകയും 200 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 8 പേര്‍ നിലവില്‍ കസ്റ്റഡിയിലുണ്ട്.
പ്രദേശത്ത് പരമ്പരാഗതമായ പള്ളി നിലനില്‍ക്കെ പുതുതായി ജുമുഅ തുടങ്ങാനുള്ള നീക്കം വിഭാഗീയതക്കുള്ള ശ്രമമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. ആചാരങ്ങള്‍ തെറ്റിച്ചാണ് നമസ്‌കാരമെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ പുറമെ നിന്നുള്ള വിശ്വാസികളുടെ സൗകര്യം കണക്കിലെടുത്താണ് ജുമുഅക്കുള്ള സൗകര്യം തുടങ്ങുന്നതെന്നാണ് താജുല്‍ ഉലമ മഖാം അധികൃതരുടെ വിശദീകരണം. ഹൈക്കോടതിയെയോ വഖഫ് ബോര്‍ഡിനെയോ സമീപിച്ച് നിയമപരമായി വിഷയത്തെ പഠിച്ച് വ്യക്തത വരുത്താന്‍ പ്രതിഷേധക്കാരോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പള്ളിക്ക് സമീപത്തെ കാവല്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha




















