മുഖ്യമന്ത്രിയുടെ മൂക്കിന് കീഴില്‍ ഇപ്പോഴും ദാസ്യപ്പണി നടക്കുന്നു; സര്‍ക്കാരിനെ വെല്ലുവിളിച്ച് തിരുവനന്തപുരം നഗരത്തിലെ ഐ.പി.എസുകാര്‍

പൊലീസിലെ ദാസ്യപ്പണി അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയെങ്കിലും തിരുവനന്തപുരം നഗരത്തിലെ ചില ഐ.പി.എസുകാര്‍ അതിന് വില കല്‍പ്പിച്ചിട്ടില്ല. സിറ്റി എ.ആര്‍ ക്യാമ്പിലെ നാല്‍പ്പതോളം പൊലീസുകാര്‍ ഇപ്പോഴും പല ഉദ്യോഗസ്ഥരുടെയും വീടുകളില്‍ അടിമപ്പണി ചെയ്യുകയാണ്. ഇത്രയും വിവാദങ്ങളുണ്ടായിട്ടും ഇവരെ ക്യാമ്പിലേക്ക് മടക്കി അയയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. ഇതിനെതിരെ പൊലീസ് അസോസിയേഷനിലും മറ്റും പ്രതിഷേധം ഉയര്‍ന്നെങ്കിലും നടപടി ഉണ്ടാകുന്നില്ല. സി.പി.എമ്മിന് നിര്‍ണായക സ്വാധീനമുള്ള അസോസിയേഷന്‍ സര്‍ക്കാരില്‍ പൊലീസിനെ നിയന്ത്രിക്കുന്ന സി.പി.എം നേതാവിനെ വിവരം ധരിപ്പിച്ചിട്ടുണ്ട്. കാര്യം ഗൗരവമായി പരിഗണിക്കാമെന്ന് ഉറപ്പ് കിട്ടിയെന്നാണ് വിവരം.
എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ ഉണ്ടാക്കിയ പ്രശ്‌നം വിവാദമായതോടെ ഐ.പി.എസ് തലപ്പെത്ത് മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി കര്‍ക്കശ നിലപാടാണ് സ്വീകരിച്ചത്. അതേസമയം ഐ.പി.എസുകാരെ കൂടുതല്‍ പ്രകോപിപ്പിക്കേണ്ടെന്നും സര്‍ക്കാരിലെ ഉന്നതര്‍ തീരുമാനിച്ചിട്ടുണ്ട്. കാരണം കസ്റ്റഡിമരണങ്ങളും പ്രതികളെ സഹായിക്കലും കാരണം പൊലീസ് ഒന്നാമതെ സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. ആ സ്ഥിതിക്ക് ഉന്നതഉദ്യോഗസ്ഥരെ പിണക്കിയാല്‍ അവര്‍ നിസ്സഹകരണം തുടങ്ങിയേക്കും അത് കേസ് അന്വേഷണങ്ങളെയും ക്രമസമാധാനത്തെയും ബാധിക്കും.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കേന്ദ്രസര്‍ക്കാരിലുള്ള സ്വാധീനം ഉപയോഗിച്ച് ആഭ്യന്തരവകുപ്പിലേക്ക് ധാരാളം ഫണ്ട് വാങ്ങിക്കുന്നുണ്ട്. ആ സ്ഥിതിക്ക് ബഹ്‌റയെ പിണക്കാന്‍ സര്‍ക്കാര്‍ ഒരുപരിധി വരെ തയ്യാറാകില്ല. ദാസ്യപ്പണി എടുക്കുന്നവരുടെയും ഉന്നത ഉദ്യോഗസ്ഥരുടെ കൂടെ ഗണ്‍മാനെന്നും ഡ്രൈവറെന്നും പറഞ്ഞ് നടക്കുന്നവരുടെയും വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ടോമിന്‍ തച്ചങ്കരിയും രാഹുല്‍ ആര്‍. നായരും റിപ്പോര്‍ട്ട് പൊലീസ് ആസ്ഥാനത്ത് എത്തിച്ചിട്ടും അത് ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിട്ടില്ല. ചില ഉന്നതര്‍ ഇടപെട്ട് അത് മാറ്റിയെന്നാണ് അറിവ്. കഴിഞ്ഞ വര്‍ഷമാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ പിന്നീട് കര്‍ക്കശനിലപാട് സ്വീകരിക്കാത്തത് ബഹ്‌റയുമായി സര്‍ക്കാരിലെ ചില ഉന്നതര്‍ക്കുള്ള ബന്ധത്തെ തുടര്‍ന്നാണെന്ന് അറിയുന്നു.
https://www.facebook.com/Malayalivartha
























