മരടിലെ സ്‌കൂള്‍വാന്‍ ദുരന്തത്തില്‍ ഡ്രൈവര്‍ പറയുന്നത് ഇങ്ങനെ

മരടില്‍ സ്‌കൂള്‍വാന്‍ കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളും ആയയും മരിച്ച അപകടത്തില്‍ വാനിന്റെ ഡ്രൈവറെ പോലീസ് ചോദ്യംചെയ്തു. അപകടത്തില്‍ പരിക്കേറ്റിരുന്ന വാന്‍ഡ്രൈവര്‍ അനില്‍കുമാറിനെയാണ് തൃപ്പൂണിത്തുറ ട്രാഫിക് സ്‌റ്റേഷനില്‍ തിങ്കളാഴ്ച രാവിലെ സി.ഐ. വൈ. നിസാമുദ്ദീന്റെ നേതൃത്വത്തില്‍ പോലീസ് ചോദ്യം ചെയ്തത്. ചികിത്സയിലായിരുന്ന അനില്‍കുമാര്‍ ആശുപത്രി വിട്ടതിനെ തുടര്‍ന്ന് നോട്ടീസ് കൊടുത്ത് പോലീസ് വിളിപ്പിക്കുകയായിരുന്നു. ചോദ്യംചെയ്തു കൊണ്ടിരിക്കെ ചെവിവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ട അനില്‍കുമാറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ അനില്‍കുമാറിന്റെ ചെവിയില്‍ ചെളി കയറി അടഞ്ഞിരുന്നു. കഴുത്തിനും പരിക്കുണ്ട്. കോളര്‍ ഇട്ടിരിക്കുകയാണ്. വണ്ടി തിരിച്ചപ്പോള്‍ റോഡിന്റെ ഒരു അരികിലെ സ്ലാബ് പൊങ്ങി നില്‍ക്കുകയായിരുന്നു. ഇത് ഒഴിവാക്കാന്‍ ശ്രമിച്ചതാണ്. കുളത്തിനോട് ചേര്‍ന്ന് റോഡിനടിയിലെ മണ്ണ് ഒലിച്ചുപോയിരുന്നു. അത് അറിയില്ലായിരുന്നു. അങ്ങനെ വണ്ടി ഇരുന്നു പോകുകയായിരുന്നുവെന്നാണ് അനില്‍കുമാര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അപകടം കണ്ട് ആദ്യം വന്നവര്‍ മിണ്ടാതെ മാറി നിന്നു. ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താനും നോക്കി. ചില സ്ത്രീകള്‍ സഹായത്തിനെത്തി. പിന്നീട് കുറെപ്പേര്‍ എത്തി. നാലു കുട്ടികളെ താന്‍ രക്ഷപ്പെടുത്തി. വന്ന ഒരാള്‍ കുട്ടികളെ എടുക്കാന്‍ തയ്യാറായില്ല, വലിക്കുകയായിരുന്നു. വാതില്‍ ലോക്ക് ചെയ്തിരുന്നതിനാല്‍ തുറക്കാന്‍ നോക്കിയിട്ടും പറ്റിയില്ല.
പുറത്തിറങ്ങിയ ശേഷം കമ്ബികൊണ്ട് ഗ്ലാസ് പൊട്ടിച്ചിട്ടാണ് വാതില്‍ തുറക്കാനായത്. അപ്പോഴേയ്ക്കും തനിക്ക് തിരിച്ചു കയറാനായില്ല. രണ്ട് കുട്ടികള്‍ വണ്ടിയില്‍ ആയയുടെ അടിയിലായിപ്പോയിരുന്നു. ആ കുട്ടികളെ വലിച്ചെടുക്കേണ്ടിവന്നു. അവരുടെ വായില്‍ നിന്ന് ചോര വരുന്നുണ്ടായിരുന്നു. അപ്പോഴേയ്ക്കും താന്‍ കുഴഞ്ഞു വീണു. പിന്നെ കണ്ണു തുറക്കുമ്‌ബോള്‍ മെഡിക്കല്‍ ട്രസ്റ്റില്‍ അത്യാഹിത വിഭാഗത്തിലായിരുന്നു എന്നാണ് അനില്‍കുമാര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
ചില കാര്യങ്ങള്‍ പരസ്പരവിരുദ്ധമായും ഇയാള്‍ പറയുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയില്‍ നിന്നു പോന്നശേഷം അനില്‍കുമാറിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. 11ന് വൈകീട്ട് മൂന്നരയ്ക്കായിരുന്നു നാടിനെ നടുക്കിയ സ്‌കൂള്‍വാന്‍ ദുരന്തം ഉണ്ടായത്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് അനില്‍കുമാറിനെതിരേ പോലീസ് കേസെടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha
























