കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ അഞ്ചുവയസുകാരൻ മരിച്ചു ; മരണകാരണം മരുന്ന് മാറി കുത്തി വച്ചതെന്ന് ആരോപണം; ആശുപത്രിയിൽ സംഘർഷാവസ്ഥ

കൊല്ലം, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ അഞ്ചുവയസുകാരൻ മരിച്ചു. ശ്വാസതടസത്തെ തുടർന്ന് ചികിത്സയ്‌ക്കെത്തിയ കോട്ടാത്തല തടത്തിൽഭാഗം മുരുകനിവാസിൽ രതീഷ് - ആര്യ ദമ്പതികളുടെ മകൻ ആദി ആർ.കൃഷ്ണ(5)യാണ് മരിച്ചത്. താലൂക്ക് ആശുപത്രിയിലെ ചികിത്സയിലുണ്ടായ പിഴവാണ് കുട്ടിയുടെ മരണ കാരണമെന്ന് ആരോപണം.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെ വനിതാ ഡോക്ടറാണ് കുട്ടിയെ പരിശോധിച്ച് ഇൻജക്ഷന് നിർദ്ദേശിച്ചത്. ഇൻജക്ഷൻ എടുത്തയുടനെ കുട്ടിയ്ക്ക് കൂടുതൽ അസ്വസ്ഥത അനുഭവപ്പെടുകയും ഐ.സി.യുവിലേക്ക് മാറ്റുകയുമായിരുന്നു. ഉച്ചയോടെ വീണ്ടും ഒരു ഇൻജക്ഷൻ കൂടി എടുത്തതോടെ കുട്ടി തീർത്തും അവശനിലയിലായി. തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുവാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചു. കുട്ടിയുടെ അവസ്ഥ തീരെ മോശമായതിനാൽ കൊട്ടാരക്കരയിലെതന്നെ സ്വകാര്യ ആശുപത്രിയിലേക്കാണ് രക്ഷിതാക്കൾ കൊണ്ടുപോയത്. ഇവിടെ എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.
തുടർന്ന് പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി . കൊട്ടാരക്കര പൊലീസും ആശുപത്രി സൂപ്രണ്ടും രാത്രി 9.30ഓടെ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.കൂലിപ്പണിക്കാരനാണ് രതീഷ്. കോട്ടാത്തല സർക്കാർ എൽ.പി സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാർത്ഥിയാണ് ആദി .
https://www.facebook.com/Malayalivartha
























