ഇത്രയും വര്‍ഷം യൂണിയനുകളെ കൂട്ടുപിടിച്ചിട്ടും കെ.എസ്.ആര്‍.ടി.സി.യില്‍ പിരിച്ചുവിടല്‍ ഭീഷണിയല്ലാതെ ശമ്പള വര്‍ധന ചിന്തിക്കാന്‍ പോലുമായില്ല; എന്നാല്‍ തച്ചങ്കരി വന്നപ്പോള്‍ തന്നെ ആദ്യം യൂണിയന്‍കാരെ ഒതുക്കി; എല്ലാവരേയും പണിയെടുപ്പിച്ചപ്പോള്‍ ലാഭം കണ്ടു തുടങ്ങി; അപ്രതീക്ഷിത ശമ്പള പരിഷ്‌കരണ പ്രഖ്യാപനത്തില്‍ ഞെട്ടി സകലരും

നഷ്ടത്തില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി.യെ കരകയറ്റി മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി. വര്‍ഷങ്ങളായി ജീവനക്കാര്‍ക്കു ലഭിക്കാതിരുന്ന ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കും എന്ന പ്രതീക്ഷ നല്‍കി ജീവനക്കാരുടെ യൂണിയനുകളെ ശമ്പള പരിഷ്‌കരണ ചര്‍ച്ചയ്ക്കു ക്ഷണിച്ചാണ് ടോമിന്‍ തച്ചങ്കരി ഇപ്പോള്‍ ഞെട്ടിക്കുന്ന തീരുമാനം പുറത്തു വിട്ടിരിക്കുന്നത്. തച്ചങ്കരിയുടെ പ്രഖ്യാപനത്തില്‍ തരിച്ചു നില്‍ക്കുകയാണ് കെ.എസ്ആര്‍ടിസിയിലെ എല്ലാ വിഭാഗം യൂണിയനുകളും. യൂണിയനുകള്‍ ആവശ്യം ഉന്നയിക്കും മുന്‍പു തന്നെ ഒരു പടി കയറി വെട്ടികളിച്ചിരിക്കുകയാണ് ഇപ്പോള്‍ തച്ചങ്കരി.
ആറു വര്‍ഷമെങ്കിലും മുന്‍പാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കിയത്. കോര്‍പ്പറേഷന്‍ നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേയ്ക്കു കൂപ്പുകുത്തുമ്പോള്‍ ശമ്പള പരിഷ്‌കരണം പ്രായോഗികമല്ലെന്ന നിലപാടിലായിരുന്നു ഇതുവരെയുള്ള മാനേജിംഗ് ഡയറക്ടര്‍മാരും ജീവനക്കാരും. എന്നാല്‍, തച്ചങ്കരി അധികാരം ഏറ്റെടുക്കുകയും കോര്‍പ്പറേഷനിലെ വെള്ളാനകളെ ഒഴിവാക്കി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്തതോടെയാണ് കോര്‍പ്പറേഷന്‍ ലാഭത്തിലേയ്ക്ക് നീങ്ങുകയാണെന്ന സൂചന ലഭിച്ചത്. ഇതോടെയാണ് വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ശമ്പള പരിഷ്‌കരണ ചര്‍ച്ചകള്‍ പുനരാരംഭിക്കുകയാണെന്ന സൂചന എം.ഡി നല്‍കിയത്.
നിലവില്‍ കെ.എസ്ആര്‍ടിസി ജീവനക്കാര്‍ക്കു ലഭിക്കുന്ന സേവന വേതന വ്യവസ്ഥകളുടെ കാലാവധി 2016 ല്‍ അവസാനിച്ചിരുന്നു. ഇതിനു ശേഷം ഇതുവരെയും ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഇതേ തുടര്‍ന്നു ജൂണ്‍ 25 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 നു ട്രാന്‍സ്‌പോര്‍ട്ട് ഭവനിലെ ബോര്‍ഡ് റൂമില്‍ ഇതു സംബന്ധിച്ച യോഗം ചേരാമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം. ഈ യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്ആര്‍ടിസിയിലെ എല്ലാ വിഭാഗം ജീവനക്കാരുടെയും യൂണിയനുകള്‍ക്കും മാനേജിംങ് ഡയറക്ടര്‍ കത്തയച്ചിട്ടുണ്ട്. മാനേജിംങ് ഡയറക്ടര്‍ക്കു വേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് കത്ത് ഇപ്പോള്‍ അയച്ചിരിക്കുന്നത്.
എംഡിയെ വെട്ടാന്‍ പരിശ്രമിച്ച എല്ലാ മാര്‍ഗങ്ങളും പരാജയപ്പെട്ട സിഐടിയു അടക്കമുള്ള യൂണിയനുകള്‍ക്കു ലഭിച്ച വലിയ തിരിച്ചടിയാണ് ഇപ്പോള്‍ എംഡി നടപ്പാക്കുന്ന ശമ്പള പരിഷ്‌കരണ നടപടികള്‍. ശമ്പള പരിഷ്‌കരണ നടപടികള്‍ നടപ്പാക്കുന്നില്ലെന്നാരോപിച്ചു യൂണിയനുകള്‍ എംഡിക്കെതിരെ 25 മുതല്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ സമരം നടത്താന്‍ പദ്ധതിയിടുന്നതിനിടെയാണ് അപ്രതീക്ഷിതമായി ശമ്പള പരിഷ്‌കരണം നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ എംഡി തുടങ്ങി വയ്ക്കുന്നത്. ഇത് എം.ഡിയെ വെട്ടിലാക്കാന്‍ ശ്രമിച്ച യൂണിയനുകള്‍ക്കുള്ള തിരിച്ചടിയായി മാറി.
ഇതിനിടെ കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണ ചര്‍ച്ച ആരംഭിച്ചത് സര്‍ക്കാരിന്റെ നേട്ടമാണെന്ന അവകാശവാദവുമായി യൂണിയനുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യവുമായി സോഷ്യല്‍ മീഡിയയിലും സ്റ്റാന്‍ഡുകളിലും സിഐടിയു അടക്കമുള്ള ഭരണാനുകൂല യൂണിയനുകള്‍ പോസ്റ്റര്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























