യുവാവിനെ മർദ്ദിച്ച സംഭവം രാഷ്ട്രീയമായി വിവാദത്തിലാവുകയും എം.എൽ.എ പ്രതിരോധത്തിലാവുകയും ചെയ്തതോടെ ഒത്തുതീർപ്പിന് നീക്കം ; രഹസ്യ മൊഴിയുടെ പകർപ്പ് പൊലീസിന് ലഭിച്ചിട്ടില്ല ; തുടരന്വേഷണം വൈകിക്കുന്നതിന് പിന്നിൽ ...

യുവാവിനെ മർദ്ദിച്ച സംഭവത്തിൽ കെബി ഗണേഷ് കുമാർ എം എൽ എ ക്കെതിരെ ഉള്ള പരാതിയിൽ ഒത്തുതീർപ്പിന് നീക്കം. വകുപ്പ് 164 അനുസരിച്ച് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇതുവരെയും ലഭിച്ചില്ല. കാറിന് സൈഡ് കൊടുക്കാത്തതിന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ യുവാവിനെ മർദ്ദിക്കുകയും മാതാവിനെ അസഭ്യം പറയുകയും ചെയ്തു എന്നാണ് കേസ്. സംഭവം രാഷ്ട്രീയമായി വിവാദത്തിലാവുകയും എം.എൽ.എ പ്രതിരോധത്തിലാവുകയും ചെയ്തതോടെയാണ് ഒത്തുതീർപ്പ് നീക്കം നടക്കുന്നത്.
അനന്തകൃഷ്ണന്റെ മാതാവ് ഷീന ചവറ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ മൊഴിയുടെ പകർപ്പ് ലഭിച്ചാലുടൻ പൊലീസ് തുടരന്വേഷണം നടത്തുമെന്നായിരുന്നു കഴിഞ്ഞ ശനിയാഴ്ച റൂറൽ എസ്.പി ബി. അശോകൻ പറഞ്ഞത്. എന്നാൽ ഇന്നലെയും മൊഴിയുടെ പകർപ്പ് പൊലീസിന് ലഭിച്ചിട്ടില്ല. ഒത്തുതീർപ്പ് ശ്രമം തുടങ്ങിയതിനാലാണ് പൊലീസിന്റെ തുടരന്വേഷണം വൈകിക്കുന്നതെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഗണേഷ് കുമാറും മർദ്ദനമേറ്റ അഞ്ചൽ സ്വദേശി അനന്തകൃഷ്ണനും അകന്ന ബന്ധുക്കളുമാണ്. അതിനാൽ ചില മദ്ധ്യസ്ഥർ അനന്തകൃഷ്ണന്റെ കുടുംബവുമായി ബന്ധപ്പെടാൻ നീക്കം ആരംഭിച്ചിട്ടുണ്ട്.
ഗണേഷ് കുമാറിന്റെ പിതാവും കേരള കോൺഗ്രസ് (ബി) ചെയർമാനുമായ ആർ. ബാലകൃഷ്ണപിള്ള മുൻകൈയെടുത്ത് എൻ.എസ്.എസ് വഴി പ്രശ്നം രമ്യതയിലെത്തിക്കാനുള്ള സാദ്ധ്യതയാണ് ആരായുന്നത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ പത്തനാപുരം മണ്ഡലത്തിൽ പ്രതിഷേധസമരം രൂക്ഷമാക്കിയതോടെ മണ്ഡലത്തിലെ എം.എൽ.എയുടെ പരിപാടികളിൽ പലതും റദ്ദാക്കേണ്ടി വന്നു. മാത്രമല്ല, പ്രതിഷേധം നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരെ നിയോഗിക്കാൻ ബുദ്ധിമുട്ടാണെന്ന് പൊലീസും നിലപാടെടുത്തു. അതിനാൽ നീട്ടിക്കൊണ്ടുപോയാൽ പ്രശ്നം ഇനിയും വഷളായേക്കുമെന്നാണ് വിലയിരുത്തൽ.
കൂടാതെ ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ സി.പി.ഐ ജില്ലാ കമ്മിറ്റിയും എം.എൽ.എയ്ക്കെതിരെ രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ബാലകൃഷ്ണപിള്ള മുൻകൈയെടുത്ത് ഒത്തുതീർപ്പിന് നീക്കം തുടങ്ങിയത്.
അതേസമയം ഒത്തുതീർപ്പ് ശ്രമവുമായി തങ്ങളെ ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്നും കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തങ്ങളുടെ ഉറച്ച തീരുമാനമെന്നും അനന്തകൃഷ്ണൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























